പെണ്‍കുട്ടികള്‍ക്ക് മുന്‍ഗണന, സ്‌കൂളുകളില്‍ പുതിയ പരിഷ്‌കാരങ്ങള്‍ നിര്‍ദ്ദേശിച്ച് വിദ്യാഭ്യാസ മന്ത്രി

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 5 സെപ്‌റ്റംബര്‍ 2025 (11:45 IST)
സംസ്ഥാനത്തെ സ്‌കൂളുകളില്‍ മറ്റൊരു പരിഷ്‌കാരം കൂടി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദ്ദേശിച്ചു. അടുത്ത അധ്യയന വര്‍ഷം മുതല്‍ ക്ലാസുകളില്‍ ഹാജര്‍ രേഖപ്പെടുത്തുമ്പോള്‍ പെണ്‍കുട്ടികളുടെ പേര് ആദ്യം വിളിക്കണമെന്നാണ് പുതിയ മാറ്റം. ഒരു മാധ്യമത്തിന്റെ ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കവെയാണ് മന്ത്രി പുതിയ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്.
സ്‌കൂള്‍ ക്ലാസ് മുറികളില്‍ നിന്ന് ബാക്ക്‌ബെഞ്ചര്‍ എന്ന ആശയം നീക്കം ചെയ്യണമെന്ന് മന്ത്രി അടുത്തിടെ പറഞ്ഞിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പഠനത്തിലോ ജീവിതത്തിലോ ഒരു കുട്ടിയും പിന്നോട്ട് പോകരുത്. എല്ലാ കുട്ടികള്‍ക്കും തുല്യ അവസരങ്ങള്‍ ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
 
സ്‌കൂള്‍ അവധിക്കാലം ജൂണ്‍-ജൂലൈ മാസങ്ങളിലേക്ക് മാറ്റണമെന്ന മന്ത്രിയുടെ നിര്‍ദ്ദേശവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ജൂണ്‍, ജൂലൈ മാസങ്ങളിലെ കനത്ത മഴക്കാലത്ത് അവധി നല്‍കുന്നതിനാലാണ് സ്‌കൂള്‍ ദിവസങ്ങള്‍ കുറയുന്നത്. ഈ സാഹചര്യത്തിലാണ് അവധിക്കാലം മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി മന്ത്രി വ്യക്തമാക്കിയത്. കൂടാതെ പണമില്ലാത്തതിന്റെ പേരില്‍ സ്‌കൂളിലെ ഒരു കുട്ടിയെ പോലും പഠനയാത്രയില്‍ നിന്ന് ഒഴിവാക്കരുതെന്ന മന്ത്രിയുടെ നിര്‍ദ്ദേശവും വ്യാപകമായി സ്വാഗതം ചെയ്യപ്പെട്ടു. 
 
സ്‌കൂള്‍ യാത്രകള്‍ വെറും വിനോദയാത്രകളാക്കി മാറ്റുന്ന സാഹചര്യമാണ് നിലവിലുള്ളത്. ചില സ്‌കൂളുകള്‍ ഇതിനായി വലിയ തുക ഈടാക്കുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇത് താങ്ങാനാവില്ല, അവര്‍ക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. അതിനാല്‍, എല്ലാ കുട്ടികള്‍ക്കും പ്രാപ്യമായ രീതിയില്‍ സ്‌കൂള്‍ യാത്രകള്‍ ക്രമീകരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍