പകര ചുങ്കം ഏര്‍പ്പെടുത്തിയ രാജ്യങ്ങളെ പരിഹസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആ രാജ്യങ്ങള്‍ തന്നെ വിളിച്ചു കെഞ്ചുകയാണെന്നും ചുങ്കം ചുമത്തിയ രാജ്യങ്ങള്‍ എന്തും ചെയ്യാന്‍ തയ്യാറാണെന്ന് പറഞ്ഞ് തന്നെ വിളിക്കുകയാണെന്നും ട്രംപ് പറഞ്ഞു. ഒരുതീര്‍പ്പുണ്ടാക്കാനുള്ള ശ്രമത്തിലാണ് അവര്‍. 'സര്‍ ദയവായി ഉടമ്പടി ഉണ്ടാക്കു, ഞാനെന്തു വേണമെങ്കിലും ചെയ്യാം, എന്തും ചെയ്യാം' എന്നാണ് അവര്‍ പറയുന്നതെന്ന് നാഷണല്‍ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് കമ്മറ്റിയില്‍ സംസാരിക്കവെ ട്രംപ് പറഞ്ഞു.
കൂടാതെ ഫാര്‍മ മേഖലയുമായി ബന്ധപ്പെട്ട തീരുവാ പ്രഖ്യാപനം ഉടന്‍ നടത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു. അതേസമയം അമേരിക്കയുടെ തീരുവ യുദ്ധത്തിലെ ചൂഷണത്തിനെതിരെ ഒരുമിച്ച് നില്‍ക്കണമെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച് ചൈന. ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് യൂ ജിങ്ങിന്റെ എക്സിലെ കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. രാജ്യങ്ങള്‍ തമ്മിലുള്ള സത്യസന്ധമായ സഹകരണം, വിശാലമായ ചര്‍ച്ചകള്‍ എന്നീ തത്വങ്ങള്‍ എല്ലാ രാജ്യങ്ങളും ഉയര്‍ത്തിപ്പിടിക്കണമെന്നും വ്യാപാരയുദ്ധത്തിലും തീരുവയുദ്ധത്തിലും വിജയിക്കുന്നവര്‍ ഇല്ലെന്നും അവര്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
പരസ്പര പ്രയോജന അധിഷ്ഠിതമാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള സാമ്പത്തിക -വ്യാപാരബന്ധമെന്നും കുറിപ്പില്‍ പറയുന്നു. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന രാഷ്ട്രങ്ങളുടെ വികസനത്തിനുള്ള അവകാശം നിഷേധിക്കുന്ന അമേരിക്കയുടെ തീരുവ ചൂഷണത്തെ നേരിടാനും പ്രതിസന്ധികളെ അതിജീവിക്കാനും രണ്ടു രാജ്യങ്ങളും ഒരുമിച്ച് നില്‍ക്കണമെന്ന് ജിങ് പറയുന്നു. പ്രതിവര്‍ഷം ആഗോള വളര്‍ച്ചയുടെ 30ശതമാനത്തോളം സംഭാവന ചൈനയാണ് ചെയ്യുന്നതൊന്നും കുറിപ്പില്‍ പറയുന്നു.