ചൈനക്കാരുമായി പ്രേമവും വേണ്ട, സെക്‌സും വേണ്ട; ചൈനയിലുള്ള യു.എസ് ജീവനക്കാർക്ക് ട്രംപ് ഭരണകൂടത്തിന്റെ 'വിചിത്ര വിലക്ക്'

നിഹാരിക കെ.എസ്

വെള്ളി, 4 ഏപ്രില്‍ 2025 (10:58 IST)
ചൈനയിലുള്ള യുഎസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വിചിത്ര വിലക്കുമായി ട്രംപ് ഭരണകൂടം. അമേരിക്കന്‍ സര്‍ക്കാര്‍ സംവിധാനങ്ങളിലും മറ്റുമുള്ള ഉദ്യോഗസ്ഥരും ചൈനീസ് പൗരന്മാരും തമ്മിൽ പ്രണയ ബന്ധങ്ങൾ പാടില്ലെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍. ചൈനക്കാരുമായി  പ്രണയ- ലൈംഗിക ബന്ധങ്ങൾ വേണ്ടെന്നാണ് ജീവനക്കാരോട് യു.എസ് സര്‍ക്കാർ നിര്ദേശിച്ചിരിക്കുന്നത്.
 
യു.എസ് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കും, സുരക്ഷാ ക്ലിയറന്‍സ് കിട്ടിയിട്ടുള്ള കരാറുകാര്‍ക്കുമെല്ലാം ബാധകമായ മാര്‍ഗ നിര്‍ദേശം ചൈനയിലെ യുഎസ് അമ്പാസിഡറായിരുന്ന നിക്കോളാസ് ബേണ്‍സ് അവിടെ നിന്ന് തിരികെ എത്തുന്നതിന് മുമ്പ് അവതരിപ്പിച്ചിരുന്നതായി അസോസിയേറ്റഡ് പ്രസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്.
 
ചൈനയിലെ സര്‍ക്കാര്‍ ജീവനക്കാരുമായി മാത്രമല്ല ചൈനീസ് പൗരന്മാരാരുമായി തന്നേയും പ്രണയബന്ധം പാടില്ലെന്ന നിരോധനാജ്ഞയാണ് യുഎസ് ഭരണകൂടത്തിന്റെ പുതിയ നയം. ചാരവൃത്തി സംബന്ധിച്ച ആശങ്കകള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്നാണ് ചൈനീസ് പൗരന്മാരുമായി പ്രണയബന്ധമോ സെക്‌സോ പാടില്ലെന്ന് യുഎസ് തിട്ടൂരമിറക്കിയത്. യുഎസ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമല്ല അവരുടെ കുടുംബാംഗങ്ങള്‍ക്കും നിരോധനം ബാധകമാണ്. അമേരിക്കന്‍ ഉദ്യോഗസ്ഥരും ചൈനീസ് പൗരന്മാരും തമ്മിലുള്ള പ്രണയപരമോ ലൈംഗികമോ ആയ ബന്ധങ്ങളെ നിരോധിക്കുന്ന നയം ജനുവരിയില്‍ തന്നെ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ചൈനയ്ക്ക് പുറത്ത് വിന്യസിച്ചിരിക്കുന്ന യുഎസ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ നിര്‍ദ്ദേശം ബാധകമല്ല.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍