വിവാദമായ ജെഎസ്‌കെ- ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയില്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശപ്രകാരം ജാനകി എന്ന് വരുന്ന ഭാഗങ്ങള്‍ മ്യൂട്ട് ചെയ്യാമെന്നും സിനിമയുടെ പേര് മാറ്റാമെന്നും നിര്‍മാതാക്കള്‍. ഹൈക്കോടതിയില്‍ കേസ് പരിഗണിച്ചപ്പൊഴാണ് നിര്‍മാതാക്കള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ ഇക്കാര്യം അറിയിച്ചത്.
96 മാറ്റങ്ങളാണ് സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ സിനിമയില്‍ ജാനകി എന്ന് വരുന്ന ഭാഗം മ്യൂട്ട് ചെയ്യുകയും സിനിമയുടെ പേര് മാറ്റുകയും ചെയ്താല്‍ സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് സെന്‍സര്‍ ബോര്‍ഡിന് വേണ്ടി ഹാജരായ അഭിനവ് ചന്ദ്രചൂഡ് വ്യക്തമാക്കിയിരുന്നു. സിനിമയുടെ പേരിനൊപ്പമുള്ള ജാനകി എന്നതിന് പകരം കഥാപാത്രത്തിന്റെ മുഴുവന്‍ പേരായ ജാനകി വിദ്യാധരന്റെ ഇനീഷ്യലായ വി എന്ന് കൂടി ചേര്‍ത്ത് വി ജാനകി എന്നോ ജാനകി വി എന്നോ ആക്കുക. കഥാപാത്രത്തിന്റെ പേര് പറയുന്ന ഭാഗങ്ങള്‍ മ്യൂട്ട് ചെയ്യുക എന്നീ നിര്‍ദേശങ്ങളാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത്. ജസ്റ്റിസ് എന്‍ നഗരേഷിന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.