യുഡിഎഫിൽ മുഖ്യമന്ത്രിയാകാൻ ഏറ്റവും ജനപ്രീതി എനിക്ക് തന്നെ, സർവേ ഫലം ഷെയർ ചെയ്ത് ശശി തരൂർ

അഭിറാം മനോഹർ

ബുധന്‍, 9 ജൂലൈ 2025 (16:26 IST)
യുഡിഎഫില്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും ജനപിന്തുണ തനിക്കെന്ന സര്‍വേ ഫലം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. ഓണ്‍ലൈന്‍ സൈറ്റിലെ വാര്‍ത്തയാണ് തരൂര്‍ എക്‌സില്‍ പോസ്റ്റ് ചെയ്തത്. സര്‍വേയില്‍ പങ്കെടുത്ത 28.3 ശതമാനം പേരുടെ പിന്തുണയാണ് തരൂരിനുള്ളത്.
 
 വോട്ട് വൈബ് എന്ന ഏജന്‍സിയുടെ സര്‍വേപ്രകാരം നിലവിലെ പ്രതിപക്ഷ നേതാവായ വി ഡി സതീശനേക്കാള്‍ ബഹുദൂരം മുന്നിലാണ് തരൂര്‍. സതീശന് 15.4 ശതമാനം പേരുടെ പിന്തുണയാണുള്ളത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയെ 8.2 ശതമാനം പേരും മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരനെ 6 ശതമാനം പേരും കെ സുധാകരനെ 5 ശതമാനം പേരുമാണ് പിന്തുണയ്ക്കുന്നത്. കോണ്‍ഗ്രസ് സംഘടനാകാര്യ ജനറല്‍ സെക്രട്ടറിയും എം പിയുമായ കെസി വേണുഗോപാലിനെ 4.2 ശതമാനം പേരാണ് പിന്തുണയ്ക്കുന്നത്.
 
 മറ്റ് നേതാക്കള്‍/ അഭിപ്രായം പറയാനില്ല എന്ന് രേഖപ്പെടുത്തിയത് 27.1 ശതമാനം ആളുകളാണ്. ഭാവികേരളത്തിന്റെ വികസനത്തില്‍ ഏത് മുന്നണിയെയാണ് പിന്തുണയ്ക്കുന്നതെന്ന ചോദ്യത്തിന് 38.9 ശതമാനം പേരും പിന്തുണയ്ക്കുന്നത് യുഡിഎഫിനെയാണ്. എല്‍ഡിഎഫിനെ 27.8 ശതമാനം പേരും എന്‍ഡിഎയെ 23.1 ശതമാനം പേരും പിന്തുണച്ചു. മറ്റുള്ളവയെ 4.2 ശതമാനവും 6 ശതമാനം അഭിപ്രായമില്ലെന്നും രേഖപ്പെടുത്തി. എല്‍ഡിഎഫില്‍ മുഖ്യമന്ത്രിയായി മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയേയാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗവും പിന്തുണയ്ക്കുന്നത്. 24.2 ശതമാനം ശൈലജയെ പിന്തുണയ്ക്കുമ്പോള്‍ 17.5 ശതമാനത്തിന്റെ പിന്തുണയാണ് നിലവിലെ മുഖ്യമന്ത്രിയായ പിണറായി വിജയനുള്ളത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍