ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇടപെട്ട് പരിഹരിച്ചെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നതോടെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ബിജെപിയുടെ നയതന്ത്ര സമീപനങ്ങള്‍ക്കെതിരെ ഉയരുന്നത്. 1971ല്‍ അമേരിക്ക ഇന്ത്യ- പാക് യുദ്ധത്തില്‍ ഇടപ്പെട്ടപ്പോള്‍ അതിര്‍ത്തി കടന്ന് ഒരു രാജ്യത്തിനും ഇന്ത്യയോട് ഇങ്ങനെ ചെയ്യണമെന്ന് പറയാന്‍ അവകാശമില്ലെന്ന് ഇന്ദിരാഗാന്ധി തുറന്നടിച്ചിരുന്നു. അമേരിക്കയുടെ ഏഴാം കപ്പല്‍ പട വന്നിട്ടും ഇന്ത്യ കുലുങ്ങിയില്ലെന്നും എന്നാല്‍ മോദിയുടെ ഇന്ത്യ അമേരിക്കയുടെ കളിപ്പാവയായെന്നുമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം.
ട്വിറ്ററിലടക്കം കോണ്‍ഗ്രസ് ഹാന്‍ഡിലുകള്‍ ഈ വിഷയം ഉയര്‍ത്തി കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രചാരണത്തെ തള്ളി രംഗത്ത് വന്നിരിക്കുകയാണ് ശശി തരൂര്‍ എം പി. നിലവിലെ സാഹചര്യം 1971ലെ സാഹചര്യത്തില്‍ നിന്നും വ്യത്യസ്തമാണെന്നും രണ്ടും തമ്മില്‍ താരതമ്യം ചെയ്യുന്നതില്‍ കാര്യമില്ലെന്നും ശശി തരൂര്‍ എം പി പറഞ്ഞു. ഭീകരതയ്‌ക്കെതിരെ താക്കീത് നല്‍കുക എന്നതായിരുന്നു ഇപ്പോഴത്തെ ഓപ്പറേഷന് പിന്നിലെ ലക്ഷ്യം. അത് സാധിച്ചു. നിയും സംഘര്‍ഷം നീണ്ടുപോകുന്നതില്‍ അര്‍ഥമില്ലെന്നും ശശി തരൂര്‍ പറഞ്ഞു.