പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുണ്ട്, കേരളത്തില്‍ സജീവമാകാന്‍ ആഗ്രഹം; നിലപാട് വ്യക്തമാക്കി തരൂര്‍

രേണുക വേണു

ബുധന്‍, 26 ഫെബ്രുവരി 2025 (10:59 IST)
സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള താല്‍പര്യം പരസ്യമാക്കി ശശി തരൂര്‍ എംപി. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഐക്യക്കുറവ് ഉണ്ടെന്നും സംസ്ഥാന രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ ആഗ്രഹിക്കുന്നതായും തരൂര്‍ പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ പോഡ്കാസ്റ്റിന്റെ പൂര്‍ണരൂപത്തില്‍ ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്. 
 
തന്നെ എതിര്‍ക്കുന്ന ഒരു വിഭാഗം കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ടെന്ന് തരൂര്‍ പറയുന്നു. ജനങ്ങള്‍ എന്നെ എതിര്‍ക്കാറില്ല. പാര്‍ട്ടിക്കുള്ളില്‍ നിന്നാണ് എതിര്‍പ്പെല്ലാം. എതിര്‍ രാഷ്ട്രീയത്തില്‍ ഉള്ളവരാണെങ്കിലും നല്ലത് ചെയ്താല്‍ പിന്തുണയ്ക്കുമെന്നും തരൂര്‍ പറഞ്ഞു. 
 
' കോണ്‍ഗ്രസില്‍ സാധാരണ പ്രവര്‍ത്തകരുടെ കുറവുണ്ട്. തിരഞ്ഞെടുപ്പില്‍ ബൂത്തില്‍ പോലും ആളില്ലാത്ത അവസ്ഥ ഉണ്ടായി. എന്റെ കഴിവുകള്‍ ഉപയോഗിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കാറില്ല. കേരളത്തില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ നല്ലൊരു നേതാവില്ല. ഇങ്ങനെ പോയാല്‍ മൂന്നാം തവണയും കോണ്‍ഗ്രസ് പ്രതിപക്ഷത്ത് ആയിരിക്കും,' തരൂര്‍ പറഞ്ഞു. 
 
അതേസമയം, സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ആഗ്രഹമുണ്ടെന്ന് തരൂര്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് രാഹുലുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തരൂര്‍ ഇക്കാര്യം പറഞ്ഞത്. തരൂര്‍ കേരള രാഷ്ട്രീയത്തില്‍ സജീവമാകണമെന്നും സംസ്ഥാന നേതൃനിരയിലേക്ക് എത്തണമെന്നും ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം പ്രവര്‍ത്തകരുണ്ട്. നിലവിലെ നേതൃത്വം പാര്‍ട്ടിയെ കൂടുതല്‍ ദുര്‍ബലമാക്കുന്നതാണെന്നാണ് ഇവരുടെ അഭിപ്രായം. തരൂര്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായാല്‍ പാര്‍ട്ടിക്ക് ഭാവിയില്‍ ഗുണം ചെയ്യുമെന്നാണ് തരൂരിനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍