ബിജെപിക്കാർ പോലും ഇങ്ങനെയില്ല, തരൂർ സൂപ്പർ ബിജെപിക്കാരനാകാൻ ശ്രമിക്കുന്നു, രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ്
പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ശശിതരൂര്‍ നടത്തിയ പ്രതികരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ. ഭീകരാക്രമണത്തില്‍ ഇന്റലിജന്‍സ് സംവിധാനത്തില്‍ വീഴ്ച പറ്റിയുട്ടുണ്ടോ എന്ന് ചര്‍ച്ച ചെയ്യാനുള്ള സമയം ഇതല്ലെന്നും ശക്തമായ നടപടികളാണ് ഇപ്പോള്‍ കൈകൊള്ളേണ്ടതെന്നും തരൂര്‍ പ്രതികരിച്ചിരുന്നു. ഇതിനെതിരെയാണ് ഉദിത് രാജയുടെ വിമര്‍ശനം. തരൂരിന്റെ വിശ്വസ്തത കോണ്‍ഗ്രസിനോടാണോ ബിജെപിയോടാണോ എന്ന് അദ്ദേഹം ചോദിച്ചു.
സൂപ്പര്‍ ബിജെപിക്കാരനാകാനാണ് തരൂര്‍ ശ്രമിക്കുന്നത്. 9/11 ഭീകരാക്രമണത്തിന് ശേഷം അമേരിക്കയില്‍ ഏത് ഭീകരാക്രമണമാണ് നടന്നത്. പാക് അധിനിവേശ കശ്മീരിനെ പറ്റിയും ബിജെപി സര്‍ക്കാരിന്റെ പദ്ധതികളെ പറ്റിയും ചോദ്യങ്ങള്‍ ചോദിക്കുകയാണ് തരൂര്‍ ചെയ്യേണ്ടത്. ഉദിത് രാജ പറഞ്ഞു. പഹല്‍ഗാം ആക്രമണത്തെ ഹമാസ് ആക്രമണത്തില്‍ ഇസ്രായേലിനുണ്ടായ ഇന്റലിജന്‍സ് വീഴ്ച ചൂണ്ടിക്കാണിച്ചായിരുന്നു തരൂരിന്റെ വിശദീകരണം. പഹല്‍ഗാം ആക്രമണത്തിന് കാരണം ഗുരുതരമായ സുരക്ഷാവീഴ്ചയെന്ന് കാണിച്ച് കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളും കേന്ദ്രത്തിനെതിരെ നിലപാട് എടുക്കുമ്പോഴാണ് തരൂര്‍ വേറിട്ട പ്രതികരണം നടത്തി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയത്. തരൂരിന്റെ നിലപാടിനെ ബിജെപി നേതാവ് പി കെ കൃഷ്ണദാസ് അടക്കമുള്ളവര്‍ സ്വാഗതം ചെയ്തിരുന്നു.