പാർട്ടിയെ സ്ഥിരമായി വെട്ടിലാക്കുന്നു, മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കുന്നില്ല, ശശി തരൂരിനെതിരെ കോൺഗ്രസിനുള്ളിൽ അതൃപ്തി

അഭിറാം മനോഹർ

വെള്ളി, 21 മാര്‍ച്ച് 2025 (11:33 IST)
ശശി തരൂരിന്റെ നിലപാടുകള്‍ പാര്‍ട്ടിയെ തുടര്‍ച്ചയായി വെട്ടിലാക്കുന്നതില്‍ കെപിസിസി നേതൃത്വത്തിന് അതൃപ്തി. പാര്‍ട്ടിക്ക് അതീതനായി പ്രവര്‍ത്തിക്കുന്ന തരൂരിനെ ഹൈക്കമാന്‍ഡ് നേരിട്ട് നിയന്ത്രിക്കണമെന്നാണ് പാര്‍ട്ടിക്കുള്ളിലെ പൊതുവികാരം. അടുത്തിടെ കേരളത്തിലെ പിണറായി സര്‍ക്കാരിനെയും കേന്ദ്ര നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാരിനെയും തരൂര്‍ പ്രശംസിച്ചിരുന്നു.
 
 തരൂരിനെ തിരുത്താനായി ശ്രമിച്ചാലും ഒന്നിന് പുറകെ ഒന്നായി തരൂര്‍ വീണ്ടും പാര്‍ട്ടിയെ വെട്ടിലാക്കുന്ന നിലപാടുകളാണ് എടുക്കുന്നത്. പിണറായി സര്‍ക്കാറിനെ പുകഴ്ത്തിയതിന്റെ മാനക്കേട് മാറും മുന്‍പാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തരൂര്‍ ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. പാര്‍ട്ടിക്ക് പുറത്തും സ്വീകാര്യതയുള്ള തരൂര്‍ എതിരാളികളെ പറ്റി നല്ലത് പറഞ്ഞാല്‍ അത് സമൂഹത്തില്‍ സ്വാധീനമുണ്ടാക്കും. നേതാക്കള്‍ ഒന്നാകെ എതിര്‍ത്താലും നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നതാണ് തരൂരിന്റെ ശൈലി എന്നതാണ് കേരളത്തിലെ നേതാക്കളെ ചൊടുപ്പിക്കുന്നത്.
 
 പാര്‍ട്ടി പ്രവര്‍ത്തക അംഗമായതിനാല്‍ തരൂരിന്റെ നിലപാടുകളില്‍ സംഘടനാപരമായി ഇടപെടുന്നതില്‍ കെപിസിസിക്ക് പരിമിതികളുണ്ട്. അതിനാല്‍ തന്നെ വിഷയത്തില്‍ ഹൈക്കമാന്‍ഡ് തന്നെ നേരിട്ട് ഇടപെടണമെന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നുള്ള ആവശ്യം. അതേസമയം മണ്ഡലത്തില്‍ തരൂര്‍ സജീവമല്ലെന്നുള്ള വിമര്‍ശനവും പാര്‍ട്ടിക്കാര്‍ക്കിടയിലുണ്ട്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍