2026 ല്‍ നിയമസഭയിലേക്ക് മത്സരിക്കും, തിരുവനന്തപുരം ഒഴിയും; പദ്ധതികളിട്ട് തരൂര്‍, മുഖ്യമന്ത്രിയാകാന്‍ താല്‍പര്യം
മുഖ്യമന്ത്രി കസേരയിലാണ് തരൂര്‍ കണ്ണുവയ്ക്കുന്നത്. മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നു എന്നതിനപ്പുറം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ താനാണ് യോഗ്യനെന്ന് പരോക്ഷമായി പറഞ്ഞുവയ്ക്കുന്നുണ്ട് തരൂര്‍. ഇതാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുന്നത്. ആഗ്രഹിക്കുന്ന പരിഗണന കിട്ടിയില്ലെങ്കില്‍ പാര്‍ട്ടി വിടാനും തയ്യാറാണെന്ന സൂചന തരൂരിന്റെ വാക്കുകളില്‍ ഉണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തരൂരിനെ പോലൊരു നേതാവ് കോണ്‍ഗ്രസ് വിട്ടാല്‍ അത് യുഡിഎഫിനു വലിയ തിരിച്ചടിയാകും. അതിനാല്‍ പാര്‍ട്ടി നേതൃത്വം വളരെ സൂക്ഷ്മതയോടെയാണ് കാര്യങ്ങള്‍ നോക്കി കാണുന്നത്.
കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ പിന്തുണ തരൂരിനുണ്ട്. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ തരൂരിനെ പൂര്‍ണമായി തള്ളാത്തത് അതുകൊണ്ടാണ്. വി.ഡി.സതീശനുമായി അത്ര നല്ല ബന്ധത്തിലല്ലാത്ത സുധാകരന്‍ തരൂരിന്റെ 'അപ്രതീക്ഷിത എന്‍ട്രി'യെ രാഷ്ട്രീയ ആയുധമായി കാണുന്നു. തരൂരിന്റെ അവകാശവാദത്തെ ചെറുതാക്കി കാണാന്‍ കഴിയില്ലെന്നാണ് സുധാകരനെ പിന്തുണയ്ക്കുന്നവരുടെയും നിലപാട്.
സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ആഗ്രഹമുണ്ടെന്ന് തരൂര്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് രാഹുലുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തരൂര്‍ ഇക്കാര്യം പറഞ്ഞത്. തരൂര്‍ കേരള രാഷ്ട്രീയത്തില്‍ സജീവമാകണമെന്നും സംസ്ഥാന നേതൃനിരയിലേക്ക് എത്തണമെന്നും ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം പ്രവര്‍ത്തകരുണ്ട്. നിലവിലെ നേതൃത്വം പാര്‍ട്ടിയെ കൂടുതല്‍ ദുര്‍ബലമാക്കുന്നതാണെന്നാണ് ഇവരുടെ അഭിപ്രായം. തരൂര്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായാല്‍ പാര്‍ട്ടിക്ക് ഭാവിയില്‍ ഗുണം ചെയ്യുമെന്നും കരുതുന്നവരുണ്ട്.