Breaking News: കോണ്‍ഗ്രസ് വിടാനും തയ്യാറെന്ന സൂചന നല്‍കി തരൂര്‍; മുഖ്യമന്ത്രി കസേരയ്ക്കു അവകാശവാദം

രേണുക വേണു

ഞായര്‍, 23 ഫെബ്രുവരി 2025 (10:30 IST)
Shashi Tharoor

Breaking News: കോണ്‍ഗ്രസിനു മുന്നറിയിപ്പുമായി ശശി തരൂര്‍. ഇനി അനുനയ നീക്കത്തിനില്ലെന്ന് തരൂര്‍ വ്യക്തമാക്കി. പാര്‍ട്ടിക്ക് തന്റെ സേവനങ്ങള്‍ വേണ്ടെങ്കില്‍ തനിക്കു മുന്നില്‍ വേറെ വഴികളുണ്ടെന്നും തരൂര്‍ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
' കേരളത്തിലെ പാര്‍ട്ടിക്ക് നേതൃ പ്രതിസന്ധിയുണ്ട്. കഠിനാധ്വാനം ചെയ്തില്ലെങ്കില്‍ മൂന്നാമതും കേരളത്തില്‍ തിരിച്ചടി നേരിടേണ്ടി വരും. ഘടക കക്ഷികള്‍ തൃപ്തരല്ല. ജനം വോട്ട് ചെയ്താണ് എന്നെ വിജയിപ്പിച്ചത്. ജനം തനിക്ക് അഭിപ്രായ സ്വാതന്ത്ര്യം കൂടിയാണ് തന്നിരിക്കുന്നത്. നാല് തവണ വിജയിച്ച തനിക്ക് പാര്‍ട്ടിക്ക് പുറത്തുള്ള വോട്ടുകളും കിട്ടിയിട്ടുണ്ട്. പല സ്വതന്ത്ര ഏജന്‍സികളും നടത്തിയ അഭിപ്രായ സര്‍വേകളില്‍ നേതൃപദവിക്ക് താനും യോഗ്യനാണെന്ന് ചൂണ്ടിക്കാട്ടുന്നു,' തരൂര്‍ പറഞ്ഞു. 
 
അതേസമയം സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ആഗ്രഹമുണ്ടെന്ന് തരൂര്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് രാഹുലുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തരൂര്‍ ഇക്കാര്യം പറഞ്ഞത്. തരൂര്‍ കേരള രാഷ്ട്രീയത്തില്‍ സജീവമാകണമെന്നും സംസ്ഥാന നേതൃനിരയിലേക്ക് എത്തണമെന്നും ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം പ്രവര്‍ത്തകരുണ്ട്. നിലവിലെ നേതൃത്വം പാര്‍ട്ടിയെ കൂടുതല്‍ ദുര്‍ബലമാക്കുന്നതാണെന്നാണ് ഇവരുടെ അഭിപ്രായം. തരൂര്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായാല്‍ പാര്‍ട്ടിക്ക് ഭാവിയില്‍ ഗുണം ചെയ്യുമെന്നും കരുതുന്നവരുണ്ട്. 
 
മുഖ്യമന്ത്രി കസേര ആഗ്രഹിക്കുന്ന വി.ഡി.സതീശനും രമേശ് ചെന്നിത്തലയ്ക്കും ഭീഷണിയായിരിക്കും തരൂരിന്റെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള വരവ്. ലോക്സഭാ സീറ്റ് ഉപേക്ഷിച്ച് നിയമസഭയിലേക്ക് മത്സരിക്കാന്‍ പോലും തരൂര്‍ സന്നദ്ധനാണ്. എന്നാല്‍ ബിജെപിക്ക് ശക്തമായ വോട്ട് ബാങ്കുള്ള തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ അങ്ങനെയൊരു റിസ്‌ക് എടുക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തയ്യാറാകില്ല. അതേസമയം അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കാനാണ് തരൂരിന്റെ തീരുമാനം. എങ്കില്‍ മാത്രമേ സംസ്ഥാന രാഷ്ട്രീയത്തില്‍ തനിക്ക് അവസരം ലഭിക്കൂവെന്ന് തരൂര്‍ വിശ്വസിക്കുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍