താരസംഘടന അമ്മയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകളിൽ പ്രതികരണവുമായി സംവിധായകൻ ആലപ്പി അഷ്‌റഫ്. ഹീറോ ഇമേജുള്ള പൊതുസമ്മതനായ ജഗദീഷ് തലപ്പത്ത് വരുന്നതല്ലേ നല്ലതെന്നാണ് അഷ്‌റഫ് ചോദിക്കുന്നത്.
ശ്വേത മേനോനെതിരെ ഗുരുതര ആരോപണങ്ങളാണ് അഷറഫ് ഉയർത്തുന്നത്. നടി കല്ലുവെച്ച നുണകൾ ആവർത്തിച്ചു പറയുന്ന ആളാണെന്നും വിവാദ നായികയാണെന്നും അദ്ദേഹം പറയുന്നുണ്ട്. യൂട്യൂബ് ചാനലിലൂടെയായിരുന്നു അഷ്‌റഫിന്റെ പ്രതികരണം.
'കടുത്ത മത്സരത്തിലേക്ക് കടന്നിരിക്കുകയാണല്ലോ അമ്മയുടെ പൊന്നുമക്കൾ. ഒരു നേതാവ്, നയിക്കേണ്ടയാൾ, അദ്ദേഹത്തിന്റെ പ്രവർത്തികളും വാക്കുകളും ധാർമികമായിരിക്കണം. അയാളുടെ ജീവിതം സത്യസന്ധമായിരിക്കണം. ഇടപെടലുകൾ മഹത്വമുള്ളതാകണം. ഇത്തരം ഗുണങ്ങളാൽ സമ്പന്നനായ ഒരാളായിരിക്കണം അമ്മയുടെ തലപ്പത്ത് വരേണ്ടത്.
അങ്ങനെ സംഭവിച്ചില്ലെങ്കിൽ സംഘടന വീണ്ടുമൊരു പതനത്തിലേക്ക് കൂപ്പു കുത്തും. ഏറ്റവും മർമപ്രധാനമായ പദവി പ്രസിഡന്റിതോണ്. മോഹൻലാൽ ഒഴിഞ്ഞ പദവി. ഓരോ അംഗവും വളരെ ഗൗരവ്വമായി ചിന്തിച്ച് പ്രവർത്തിക്കേണ്ട സമയമാണിത്. ഇവിടെ നിങ്ങളുടെ തീരുമാനം തെറ്റിയാൽ സംഘടനയുടെ പതനം മാത്രമല്ല, നൂറ് കണക്കിന് പേർക്ക് ലഭിക്കുന്ന പെൻഷനും മറ്റും ഇല്ലാതാകും.
അതിനാൽ ഇച്ഛാശക്തിയും കാര്യഗൗരവ്വവും സംഘടനാപാഠവവും ഉള്ള ഒരാൾ അമ്മയെ നയിക്കണം. നടി മാല പാർവതി പറയുന്നു ജഗദീഷിന് പൊതു സമൂഹത്തിന് മുന്നിൽ ഹീറോ ഇമേജുണ്ട്. അദ്ദേഹം പൊതുസമ്മതൻ ആണെന്ന്. പക്ഷെ അമ്മ അംഗങ്ങൾക്ക് ഇടയിൽ അങ്ങനെ അല്ലെന്ന്. പൊതു സമ്മതനും ഹീറോ ഇമേജുമുള്ള ഒരാൾ സംഘടനയുടെ തലപ്പത്ത് വരുന്നതല്ലേ അഭികാമ്യം?
ജഗദീഷിനെതിരെ കണ്ടെത്തിയ കുറ്റം അദ്ദേഹം സംഘടനാ പ്രതിനിധിയായിരുന്ന സമയത്ത് സഹായിക്കുന്നുവെന്ന രീതിയിൽ പ്രവർത്തിച്ചപ്പോൾ വാക്കുമാറി എന്നതാണ്. ജഗദീഷ് പറഞ്ഞത് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വരട്ടെ, അന്വേഷണം നടക്കട്ടെ, പുഴുക്കുത്തുകളൊക്കെ സമൂഹത്തിന് മുന്നിൽ വരട്ടെ എന്നാണ്. ഇതായിരിക്കണം ഒരുപക്ഷെ മാല പാർവതിയെ ചൊടിപ്പിച്ചത്.
പ്രസിഡന്റായി മത്സരിക്കുന്ന ശ്വേത മേനോനെതിരെ ഇതിനേക്കാൾ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടില്ലേ? എന്തുകൊണ്ടാണ് ശ്വേത മേനോന് ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്നും പുറത്ത് പോകേണ്ടി വന്നത്? കല്ലു വച്ച നുണകൾ ആവർത്തിച്ച് പറഞ്ഞതിന്റെ പേരിലാണ്. അത് കണ്ടു പിടിച്ച് പുറത്ത് കൊണ്ടുവന്നത് മോഹൻലാലാണ്. അതാണ് പറയുന്നത് നേതൃത്വത്തിലേക്ക് വരുന്നയാൾക്ക് വേണ്ട ഗുണം വാക്കിലും പ്രവർത്തിയിലും സത്യസന്ധത പുലർത്തുക എന്നതാണെന്ന്.
ഏത് പ്രശ്‌നത്തിൽ ഇടപെട്ടാലും വിവാദം കൂടപ്പിറപ്പാണ് ശ്വേത മേനോന്. ഇത് അവർ തന്നെ പറഞ്ഞിട്ടുള്ളതാണ്. വിവാദങ്ങൾ കൊണ്ട് പൊറുതിമുട്ടിയ സംഘടനയുടെ തലപ്പത്ത് വിവാദ നായിക വന്നാൽ എന്താകുമെന്ന് ആലോചിച്ച് നോക്കിയാൽ നന്നായിരിക്കുമെന്നും അദ്ദേഹം പറയുന്നു.