മദ്രാസയില്‍ പോയി മതപഠനമൊക്കെ നടത്തിയവരാണ് എംഡിഎംഎ, കഞ്ചാവ് കടത്തുക്കേസുകളില്‍ പിടിയിലാകുന്നവരില്‍ അധികവുമെന്ന കെ ടി ജലീല്‍ എംഎല്‍എയുടെ പ്രസംഗത്തിനെതിരെ പ്രതിഷേധവുമായി മുസ്ലീം സംഘടനകള്‍. മതത്തിന്റെ പേരില്‍ വേര്‍തിരിച്ചു കാണേണ്ട വിഷയമല്ല ഇതെന്നും കുറ്റകൃത്യങ്ങളില്‍ മതം കലര്‍ത്തുന്ന തരത്തിലുള്ള ഇത്തരം അഭിപ്രായങ്ങള്‍ മതധ്രുവീകരണത്തിന് ശ്രമിക്കുന്നവരെ സഹായിക്കുമെന്നും സമസ്ത അഭിപ്രായപ്പെട്ടു.
മതപഠനമോ മതവിദ്യാഭ്യാസമോ ലഭിക്കാത്ത മറ്റ് സമുദായങ്ങളിലെ ചെറുപ്പക്കാര്‍ക്കുള്ള ധാര്‍മികബോധം പോലും മുസ്ലീം സമുദായത്തിലുള്ളവര്‍ക്ക് ഉണ്ടാകുന്നില്ലെന്ന് മലപ്പുറത്ത് നടന്ന ഇഫ്താര്‍ സംഗമത്തില്‍ കെ ടി ജലീല്‍ അഭിപ്രായപ്പെട്ടിരുന്നു. സ്‌കൂളുകളിലും കോളേജുകളിലും അച്ചടക്കം പുലര്‍ത്തുന്നതിലും അധ്യാപകരെ ബഹുമാനിക്കുന്നതിലും ഇതര മതസ്ഥരായ കുട്ടികള്‍ മുസ്ലീം കുട്ടികളേക്കാള്‍ മുന്നിലാണെന്നും ഇത് എന്ത് കൊണ്ടാണെന്ന് പരിശോധിക്കണമെന്നും ജലീല്‍ ആവശ്യപ്പെട്ടിരുന്നു.
പ്രസംഗത്തിനിതിരെ മുസ്ലീം സംഘടനകള്‍ എതിര്‍പ്പുമായി മുന്നോട്ട് വന്നെങ്കിലും പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നതായി കെടി ജലീല്‍ പറഞ്ഞു. ഓരോരുത്തരും അവനവനിലേക്കും കുടുംബത്തിലേക്കും സമുദായത്തിലേക്കും നോക്കണമെന്നും പിഴവുകള്‍ തിരുത്തണമെന്നും കെ ടി ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കെ ടി ജലീലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം
പ്രിയപ്പെട്ട റഫീഖ് പാറക്കല്‍,
വസ്സലാം. പി.എസ്.എം.ഒ കോളേജ് സഹപാഠിയായ താങ്കള്‍ എന്റെ മുന്‍ പോസ്റ്റിന്റെ കമന്റ് ബോക്‌സില്‍ ഇട്ട കുറിപ്പിനുള്ള മറുപടിയാണ് മുഖപുസ്തക പേജില്‍ പോസ്റ്റ് ചെയ്യുന്നത്. മലപ്പുറം ജില്ലാ 'വിസ്ഡ'ത്തിന്റെ ഇഫ്താര്‍ ചടങ്ങില്‍ ഞാന്‍ നടത്തിയ പ്രസംഗമാണല്ലോ താങ്കളുടെ എഴുത്തിന്റെ അടിസ്ഥാനം.
മത വിദ്യാഭ്യാസം കിട്ടുന്ന ജനവിഭാഗം എന്ന നിലയില്‍ മുസ്ലിങ്ങളെ തെറ്റുകാരുടെ കൂട്ടത്തില്‍ ഒന്നു പോലും കാണാന്‍ പാടില്ലെന്ന അതിമോഹമാണ് എന്റെ പ്രസംഗത്തിലെ ഉള്ളടക്കത്തിന്റെ ആധാരം. സമീപകാലത്ത് നടന്ന സംഭവങ്ങള്‍ എന്നെ വല്ലാതെ അസ്വസ്ഥമാക്കിയിരുന്നു. രാസലഹരിക്ക് അടിമയായ ഒരു ചെറുപ്പക്കാരന്‍ വൈലത്തൂരില്‍ വലിയുപ്പാനെയും വലിയുമ്മാനെയുമാണ് കഴുത്തറുത്ത് കൊന്നത് താങ്കള്‍ ഓര്‍ക്കുന്നില്ലെ? താമരശ്ശേരിയില്‍ രാസലഹരിക്ക് അടിമയായ ഒരു കോളേജ് വിദ്യാര്‍ത്ഥി തന്റെ ഉമ്മയെ വെട്ടിക്കൊന്നതും നാം കേട്ടതല്ലെ? വെഞ്ഞാറമൂടില്‍ ''ഭ്രാന്ത്' മൂത്ത് വലിയുമ്മാനെയും മൂതാപ്പാനെയും മൂത്തമ്മാനെയും അനിയനെയും പ്രണയിനിയേയും മാരകമാംവിധം തലക്കടിച്ച് കൊന്നതും ഉമ്മ ആയുസ്സിന്റെ ദൈര്‍ഘ്യം കൊണ്ട് രക്ഷപ്പെട്ടതും കേരളത്തെ ഞെട്ടിച്ച സംഭവമല്ലെ?
മലയാള മനോരമ പത്രത്തില്‍ അഞ്ചാറ് മാസത്തിനിടയില്‍ മലബാറില്‍ നടന്ന മയക്ക് മരുന്നു കേസുകളില്‍ പിടിക്കപ്പെട്ട 200 കേസുകള്‍ ഞാന്‍ പരിശോധിച്ചു. അതില്‍ 61% വും മുസ്ലിം പേരുള്ളവരാണ്. അധികവും മലബാറിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍. ജനസംഖ്യയുടെ മുസ്ലിം അനുപാതത്തിന്റെ പ്രാതിനിധ്യ തുലാസിലിട്ട് തൂക്കിനോക്കി ആരാണ് കൂടുതല്‍ എന്നു വാദിക്കാന്‍ ഇത് ജോലി സംവരണം പോലെ ഉറപ്പു വരുത്തേണ്ടതല്ലല്ലോ? ലഹരിക്കടത്തില്‍ പിടിക്കപ്പെടുന്ന മുസ്ലിം പേരുള്ള പ്രതികളില്‍ 99%-വും ചെറുപ്പത്തില്‍ മതപഠനം കിട്ടിയവരാണെന്നാണ് എന്റെ അന്വേഷണത്തില്‍ മനസ്സിലായത്.
എന്നിട്ടും ഇതൊക്കെ സംഭവിക്കുന്നത് കാണുമ്പോഴുള്ള മനോവിഷമം കൊണ്ടാണ് സമുദായത്തിലെ പ്രധാനികള്‍ ഒത്തു ചേര്‍ന്ന ഒരു യോഗത്തില്‍ തീര്‍ത്തും സദുദ്ദേശത്തോടെ ചില കാര്യങ്ങള്‍ ഉണര്‍ത്തിയത്. ആ പ്രസംഗം ഞാനല്ല പുറത്തുവിട്ടത്. ആരെങ്കിലും അത് പുറത്തുവിടും എന്ന നിലക്കുമല്ല ഞാനത് ഒരു ക്ലോസ്‌ഡോര്‍ മീറ്റിംഗില്‍ അഭിപ്രായപ്പെട്ടത്. പുറത്തു വിട്ടതില്‍ എനിക്ക് സന്തോഷമേയുള്ളൂ. വിവേകികളുടെ മനസ്സിലെങ്കിലും ക്രിയാത്മകമായ ആലോചനകള്‍ ഉടലെടുത്താല്‍ അതിലും വലിയ ഒരു നന്‍മ വേറെയില്ലല്ലോ?
വ്യക്തിപരമായി എന്നെ ഞാനാക്കിയതില്‍ മതപഠനം വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഞാന്‍ ഇന്നുവരെ മദ്യപിച്ചിട്ടില്ല. കഞ്ചാവോ മറ്റു ലഹരി വസ്തുക്കളോ ഉപയോഗിച്ചിട്ടില്ല. ആരെയെങ്കിലും അലോസരപ്പെടുത്തുമാറ് ഒരാളോടും അപമര്യാദയായി പെരുമാറിയിട്ടില്ല. ഒരു സിഗരറ്റെങ്കിലും വലിച്ചതായി എന്റെ കോളേജ് കാല കൂട്ടുകാരനായ താങ്കളുടെ ഓര്‍മ്മയിലുണ്ടോ? സാമ്പത്തിക കാര്യങ്ങളിലും അതീവ സൂക്ഷ്മത ചെറുപ്പം തൊട്ടേ പുലര്‍ത്തിയിട്ടുണ്ട്. ഒരാളുടെ കയ്യില്‍ നിന്നും പണം കടം വാങ്ങി കൊടുക്കാത്ത സംഭവമോ, ആരെയെങ്കിലും സാമ്പത്തികമായി പറ്റിച്ച ഏര്‍പ്പാടോ, വിദ്യര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തനത്തിന് ചെയര്‍മാന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ യൂണിയന്‍ ഫണ്ടില്‍ നിന്ന് പത്തു പൈസ ഒരു നാരങ്ങാ വെള്ളം കുടിക്കാന്‍ ചെലവിട്ടതായോ താങ്കളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെങ്കില്‍ തുറന്ന് പറഞ്ഞോളൂ. നടക്കുകയാണെങ്കില്‍ ഇതൊക്കെ നടക്കേണ്ട സമയമല്ലേ നമ്മുടെ കോളേജ് കാലം. എന്റെ വീട്ടില്‍ നിന്നും മദ്രസ്സയില്‍ നിന്നും എനിക്ക് കിട്ടിയ ശിക്ഷണമാണ് എന്നെയും താങ്കളെയും മററു പലരെയും തെറ്റായ വഴികളില്‍ നിന്ന് അകറ്റിയത്. സമാനമായ സാഹചര്യം പുതിയ കാലത്ത് കാണുന്നില്ലെന്ന മനോവേദനയാണ് ഇഫ്താര്‍ മീറ്റില്‍ പങ്കുവെച്ചത്.
സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് മൂന്ന് വമ്പന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളാണ് എനിക്ക് ചുറ്റും സൂക്ഷ്മദര്‍ശിനിയുമായി വട്ടമിട്ട് പറന്നത്. ഒരു തരി സ്വര്‍ണ്ണമോ ഒരു രൂപയോ അനധികൃതമായി കണ്ടെത്താന്‍ കഴിയാതെ പോയത് എനിക്ക് കിട്ടിയ മതവിദ്യാഭ്യാസത്തിന്റെ കൂടി പിന്‍ബലത്തിലാണ്. 100% ശുദ്ധനാണ് ഞാനെന്നല്ല പറയുന്നത്. തീര്‍ച്ചയായും തെറ്റുകള്‍ പറ്റിയുണ്ട്. അതില്‍ പടച്ചവനോട് ക്ഷമാപണവും നടത്തുന്നുണ്ട്. പക്ഷെ ഒരാളെയും ചൂഷണം ചെയ്യുകയോ, സാമ്പത്തികമായി പറ്റിക്കുകയോ, ആരുടെയെങ്കിലും അവകാശം കവര്‍ന്നെടുക്കുകയോ, അന്യായമായി ഏതെങ്കിലും വ്യക്തിയുടെ പൊരുത്തമില്ലാത്ത സ്വത്ത് വയറ്റിലാക്കുകയോ അനുഭവിക്കുകയോ ചെയ്ത ഒരു സംഭവവും എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ലെന്ന് എനിക്ക് ഉറപ്പിച്ചു പറയാനാകും. മറിച്ചൊരഭിപ്രായം താങ്കള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ കോളേജ് ജീവിത കാലത്ത് ഉണ്ടായിട്ടുണ്ടെങ്കില്‍ സവിനയം ചൂണ്ടിക്കാണിച്ചാലും!
പണത്തിന്റെ പുളപ്പും, ധാരാളിത്തവും, അടിച്ച് പൊളിക്കലും, ധൂര്‍ത്തന്‍ വിവാഹങ്ങളും, കോടികള്‍ മുടക്കിയുള്ള വീടു നിര്‍മ്മാണങ്ങളും, വിലപിടിപ്പുള്ള വാഹനങ്ങളിലെ വിലസലും, ബൈക്കുകളുടെ സൈലന്‍സര്‍ പൊട്ടിച്ചുള്ള മരണപ്പാച്ചിലും മുസ്ലിം കേന്ദ്രീകൃത മേഖലകളില്‍ നാള്‍ക്കുനാള്‍ കൂടി വരികയാണ്. മതവിദ്യാഭ്യാസം ഇതിനൊക്കെ തടയിടേണ്ടതല്ലേ? അതാണ് ഞാന്‍ ചൂണ്ടിക്കാണിച്ചത്. മത നേതാക്കള്‍ക്കു മാത്രമേ ഇതില്‍ നിന്ന് മുസ്ലിം സമുദായത്തെ രക്ഷപ്പെടുത്താന്‍ കഴിയൂ. അവരതിന് മുന്നിട്ടിറങ്ങണമെന്ന ആഗ്രഹമാണ് ഈ വിനീതന്‍ പ്രകടിപ്പിച്ചത്.
മദ്രസ്സാ വിദ്യാഭ്യാസം പരീക്ഷാ കേന്ദ്രീകൃതമായി മാറിയത് താങ്കളും ശ്രദ്ധിച്ചിട്ടുണ്ടാകും. ഡിസ്റ്റിംഗ്ഷനും ഫുള്‍ എ പ്ലസും റാങ്കുമൊക്കെ മത പഠനത്തിലേക്ക് കടന്ന് വന്നതോടെ ധാര്‍മ്മിക മൂല്യങ്ങള്‍ സ്വയത്തമാക്കുന്നത് കുറഞ്ഞുപോയോ എന്ന സന്ദേഹമാണ് ഇഫ്താര്‍ സന്ദേശത്തില്‍ നിരീക്ഷിച്ചത്. അണ്‍- എയ്ഡഡ് സ്‌കൂളുകള്‍ വ്യാപകമായതോടെ നമ്മളൊക്കെ പഠിച്ച പരമ്പരാഗത മദ്രസ്സാ പഠനം, അത്തരം സ്‌കൂളുകളിലേക്ക് മാറിയതും ചില പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടില്ലെ എന്ന എന്റെ സംശയം പ്രകടിപ്പിച്ചതില്‍ എന്താണ് തെറ്റ്?
സ്വസമുദായത്തിനകത്തെ അരുതായ്മകളും അനഭിലഷണീയ പ്രവണതകളും ചൂണ്ടിക്കാണിച്ചാല്‍ അതെങ്ങിനെ മഹാ പാപമാകും? കുരുടന്‍ ആനയെ കണ്ടപോലെയല്ല രാസലഹരിയുടെ വ്യാപനത്തില്‍ അഭിപ്രായം പറയേണ്ടത്. ഓരോരുത്തരും അവനവനിലേക്കും അവനവന്റെ കുടുംബത്തിലേക്കും സമുദായത്തിലേക്കും നോക്കുക. പിശകുകള്‍ തിരുത്തുക. കാടടച്ച് വെടിവെച്ച് പോയിട്ട് കാര്യമില്ല. കൃത്യമായി പറഞ്ഞ് പോകണം. അത് സമുദായ അവഹേളനമല്ല. സമുദായവും സമൂഹവും നന്നാകണമെന്ന അടങ്ങാത്ത അഭിലാഷമാണ്. എന്റെ നിരീക്ഷണത്തില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു. ഒറ്റ ലഹരിക്കേസും ഒരു മുസ്ലിം പേരുകാരന്റെ പേരില്‍ ചാര്‍ത്തപ്പെടാതിരുന്നാല്‍ അത് സമൂഹത്തിലെ എല്ലാവര്‍ക്കും പാഠമാകും.
സംഘികളും കൃസംഘികളും ആയുധമാക്കുമെന്നതിനാല്‍ നമ്മുടെ ഭാഗത്തുള്ള വേണ്ടാത്തരങ്ങള്‍ പറയാന്‍ പാടില്ലെന്ന് ആരാണ് പറഞ്ഞത്? ഖുര്‍ആനില്‍ അങ്ങിനെയുണ്ടോ? തിരുനബിയുടെ ചര്യകളില്‍ അങ്ങിനെയുണ്ടോ? എല്ലാവര്‍ക്കും മാതൃകയാകേണ്ട ഉത്തമ സമുദായമല്ലേ മുസ്ലിങ്ങള്‍? ആ ഉത്തരവാദിത്തം സമുദായം ഒന്നിച്ച് നിര്‍വ്വഹിക്കേണ്ട സമയമാണിത്. വൈകിയാല്‍ നമുക്ക് നമ്മുടെ മക്കളെ നഷ്ടമാകും. അതു സഹിക്കാന്‍ ഒരു രക്ഷിതാവെന്ന നിലയില്‍ എനിക്കാവില്ല.
ഒന്നില്‍ നിന്നേ നമുക്ക് എണ്ണിത്തുടങ്ങാനാകൂ. അങ്ങിനെ തുടങ്ങരുതെന്ന് ശാഠ്യം പിടിച്ചാല്‍ ഒരിക്കലും നമുക്ക് എണ്ണാനാവില്ല. ഇനിയും മാതാപിതാക്കള്‍ കൊലച്ചെയ്യപ്പെടാതിരിക്കാന്‍ അവനവനില്‍ നിന്ന് എണ്ണിത്തുടങ്ങിയേ പറ്റൂ. അതൊരു അപരാധമാണെങ്കില്‍ അതിന്റെ ശിക്ഷ ഞാനേറ്റു വാങ്ങാം. പൂര്‍വ്വോപരി ശക്തിയോടെ വിസ്ഡം ഇഫ്താറില്‍ ഞാന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു. രാസലഹരി വിപത്തിനെതിരെ നമുക്കൊരുമിച്ച് പൊരുതാം. തീര്‍ത്തും എന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ് പ്രസംഗത്തിലും എഴുത്തിലും പറഞ്ഞത്. ഇതില്‍ സി.പി.എമ്മിനോ ഇടതുമുന്നണിക്കോ യാതൊരു പങ്കുമില്ല. വെറുതെ ആ പാവങ്ങളുടെ മെക്കട്ട് കയറരുത്. പ്ലീസ്.