K.Sudhakaran: നേതൃമാറ്റം ഉടന്‍, സുധാകരനു അതൃപ്തി; പകരം ആര്?

രേണുക വേണു

ബുധന്‍, 9 ഏപ്രില്‍ 2025 (08:38 IST)
K.Sudhakaran: കോണ്‍ഗ്രസില്‍ സംസ്ഥാന നേതൃമാറ്റത്തിനു കളമൊരുങ്ങുന്നു. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പ് കെപിസിസി അധ്യക്ഷനെ മാറ്റും. നിയമസഭാ തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടാണ് നേതൃമാറ്റത്തിനു വഴിയൊരുങ്ങുന്നത്. 
 
ഗുജറാത്തില്‍ പുരോഗമിക്കുന്ന എഐസിസി സമ്മേളനത്തിലാണ് സംസ്ഥാന നേതൃമാറ്റം ചര്‍ച്ചയായത്. കെ.സുധാകരനെ അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റണമെന്ന് കേരളത്തിലെ ഒരു വിഭാഗം നേതാക്കള്‍ എഐസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പുതിയ കെപിസിസി അധ്യക്ഷനെ തേടുന്നത്. 
 
സുധാകരന്റെ പകരക്കാരനായി ആന്റോ ആന്റണിയോ ബെന്നി ബെഹനാനോ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടൂര്‍ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരും കെപിസിസി അധ്യക്ഷ സ്ഥാനത്തു കണ്ണുവയ്ക്കുന്നുണ്ട്. കേരളത്തില്‍ നിന്നുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ താല്‍പര്യ പ്രകാരമായിരിക്കും പുതിയ കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കുക. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ആഗ്രഹിക്കുന്ന വേണുഗോപാല്‍ പാര്‍ട്ടി പിടിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. 
 
അതേസമയം കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് തന്നെ നീക്കിയാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നാണ് കെ.സുധാകരന്‍ ഹൈക്കമാന്‍ഡിനു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വി.ഡി.സതീശന്‍ പ്രതിപക്ഷ നേതാവായി തുടരുകയാണെങ്കില്‍ കെപിസിസി അധ്യക്ഷസ്ഥാനത്ത് തുടരാന്‍ തനിക്കും അവസരം നല്‍കണമെന്നാണ് സുധാകരന്റെ നിലപാട്. തന്നെ മാറ്റാന്‍ കളിക്കുന്നത് സതീശന്‍ പക്ഷമാണെന്ന സംശയം സുധാകരനുണ്ട്. 


നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ പാര്‍ട്ടിയിലെ പ്രധാനിയാകാന്‍ സതീശനും രമേശ് ചെന്നിത്തലയും പോരടിക്കുമ്പോഴാണ് സുധാകരന്റെ പിടിവാശി ഹൈക്കമാന്‍ഡിനു ഇരട്ടി തലവേദന സൃഷ്ടിക്കുന്നത്. സുധാകരനെ മാറ്റേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് രമേശ് ചെന്നിത്തലയും ശശി തരൂരും. മുതിര്‍ന്ന നേതാക്കളുമായി വിശദമായ ചര്‍ച്ചകള്‍ നടത്തിയ ശേഷമായിരിക്കും കെപിസിസി നേതൃമാറ്റത്തില്‍ ഹൈക്കമാന്‍ഡ് അന്തിമ തീരുമാനമെടുക്കുക. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍