ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തൃശൂരിലെ തോല്‍വിയില്‍ ജില്ലാ നേതൃത്വത്തിനു ഗുരുതര വീഴ്ചയുണ്ടായെന്ന് കെപിസിസി റിപ്പോര്‍ട്ട്. ഡിസിസി അധ്യക്ഷനായിരുന്ന ജോസ് വള്ളൂര്‍, മുന്‍ എംപി ടി.എന്‍.പ്രതാപന്‍, മുന്‍ എംഎല്‍എ അനില്‍ അക്കര, മുന്‍ എംഎല്‍എ എം.പി.വിന്‍സെന്റ് എന്നിവര്‍ വീഴ്ച വരുത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. സിറ്റിങ് എംപിയായിരുന്ന പ്രതാപന്‍ മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാതിരുന്നത് തിരിച്ചടിയായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരഞ്ഞെടുപ്പിന് ഒന്നരവര്‍ഷം മുന്‍പ് സിറ്റിങ് എംപി മത്സരത്തിന് ഇല്ലെന്ന് പരസ്യ പ്രഖ്യാപനം നടത്തിയത് സുരേഷ് ഗോപിക്ക് എതിരാളികള്‍ ഇല്ലെന്ന് പ്രതീതി സൃഷ്ടിച്ചു എന്ന് കെപിസിസി റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ അടക്കം ജാഗ്രതക്കുറവ് കാണിച്ചു. കോണ്‍ഗ്രസ് പ്രതിരോധത്തിലാണെന്ന തരത്തില്‍ വോട്ടര്‍മാര്‍ക്കിടയില്‍ ഒരു തോന്നലുണ്ടായി. ഇതിനെ മറികടക്കാന്‍ സാധിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
2019ല്‍ എംപിയായതിനുശേഷം ഗുരുവായൂര്‍, മണലൂര്‍ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചു മാത്രമായിരുന്നു പ്രതാപിന്റെ പ്രവര്‍ത്തനം എന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന ബ്ലോക്ക് പ്രസിഡന്റുമാരുടെ പുനസംഘടന പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ അതൃപ്തി ഉണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.