ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 13ന് നടക്കും. ഇത്തവണ വിമാനത്തിലെ പുഷ്പവൃഷ്ടി ഇല്ല. ഉത്സവത്തിനോടനുബന്ധിച്ച് 30 വാര്‍ഡുകള്‍ ഉത്സവ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. പൊങ്കാല ദിവസമായ മാര്‍ച്ച് 13ന് ജില്ലയ്ക്ക് അവധി നടക്കുന്നതിന് സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിനോടനുബന്ധിച്ച് നടന്ന അവലോകന യോഗത്തില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
കൂടാതെ പരസ്യങ്ങള്‍ കോടതിയുടെ അനുമതി വാങ്ങി മാത്രം സ്ഥാപിക്കണമെന്നും ദൂരദേശങ്ങളില്‍ നിന്ന് വിളക്കുകെട്ടുമായി വരുന്നവര്‍ ഗതാഗത തടസ്സം സൃഷ്ടിക്കരുതെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തില്‍ മാര്‍ച്ച് 29 വരെ റണ്‍വേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് വിമാന സര്‍വീസുകള്‍ നടത്തുന്നില്ല. അതിനാല്‍ പൊങ്കാല ദിവസം വിമാനത്തില്‍ നിന്നുള്ള പുഷ്പവൃഷ്ടി ഉണ്ടാകില്ല.