നിയമസഭാ തിരഞ്ഞെടുപ്പ് കഴിയും വരെ മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള ചര്‍ച്ചകളും അവകാശവാദങ്ങളും ഉപേക്ഷിക്കണമെന്ന് കേരളത്തിലെ നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡിന്റെ താക്കീത്. തിരഞ്ഞെടുപ്പ് ജയിക്കാന്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും വ്യക്തിപരമായ അവകാശവാദങ്ങളില്‍ നിന്ന് നേതൃത്വം മാറിനില്‍ക്കണമെന്നും ഹൈക്കമാന്‍ഡിന്റെ നിര്‍ദേശമുണ്ട്.
തിരഞ്ഞെടുപ്പിനെ നേരിടാന്‍ നേതാക്കള്‍ ഒറ്റക്കെട്ടായി നീങ്ങണം. നേതാക്കള്‍ തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടെങ്കില്‍ പരസ്യ പോര് നടത്തരുത്. അഭിപ്രായ വ്യത്യാസങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്തു രമ്യമായി പരിഹരിക്കണമെന്നും ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചു. സംസ്ഥാന കോണ്‍ഗ്രസിലെ സമ്പൂര്‍ണ ഐക്യത്തിനു നേതാക്കളോടു ഹൈക്കമാന്‍ഡ് ആഹ്വാനം ചെയ്തതായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ സ്ഥിരീകരിച്ചിരുന്നു.