ജമ്മു- കശ്മീരില്‍ കഴിഞ്ഞ 3 ദിവസമായി പെയ്യുന്ന കനത്ത മഴയിലും മണ്ണിടിച്ചിലിലും കനത്ത നാശം. മേഘവിസ്‌ഫോടനം നാശനഷ്ടങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ കുറഞ്ഞത് 10 പേര്‍ക്കെങ്കിലും ജീവന്‍ നഷ്ടമായതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതില്‍ വൈഷ്‌ണോദേവി സന്ദര്‍ശനത്തിനെത്തിയ 5 തീര്‍ഥാടകരും ഉള്‍പ്പെടുന്നു.വൈഷ്ണവോദേവി ക്ഷേത്രാത്തിലേക്കുള്ള യാത്രാമധ്യെയാണ് 5 തീര്‍ഥാടകര്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മരണപ്പെട്ടത്. 14 പേര്‍ക്ക് പരുക്കുണ്ട്. സ്ഥിരീകരിച്ച കണക്കുകള്‍ പ്രകാരം മരണസംഖ്യ അഞ്ചാണെങ്കിലും ഇത് 15ല്‍ കൂടാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അധ്ക്വാരി മേഖലയിലെ ഇന്ദ്രപ്രസ്ഥ ഭക്ഷണശാലയ്ക്ക് സമീപം ഉച്ചയ്ക്ക് 3 മണിയോടെയാണ് അപകടമുണ്ടായത്. ക്ഷേത്രത്തിലേക്കുള്ള 12 കിലോമീറ്റര്‍ നീളമുള്ള മലമ്പാതയുടെ നടുവിലായാണ് ദുരന്തം. ഹിംകോടി ട്രെക്ക് നേരത്തെ അടച്ചിരുന്നെങ്കിലും പഴയ വഴി 1:30 വരെ തുറന്നിരുന്നു. അപകടം സംഭചിച്ചതോറ്റെ തീര്‍ഥാടനം പൂര്‍ണമായി നിര്‍ത്തിവെയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. അതേസമയം കനത്ത മഴയില്‍ ജമ്മുവില്‍ നിരവധി സ്ഥലങ്ങള്‍ വെള്ളത്തില്‍ മുങ്ങി. ജമ്മു-ശ്രീനഗര്‍, കിഷ്ത്വാര്‍-ഡോഡ ദേശീയപാതകളില്‍ ഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്.ഇതിനുപുറമേ, ഡസന്‍ കണക്കിന് മലമ്പാതകള്‍ മണ്ണിടിച്ചില്‍, പ്രളയം എന്നിവകാരണം ഗതാഗതത്തിന് യോഗ്യമല്ലാത്ത അവസ്ഥയിലാണ്.
കനത്ത മഴയെ തുടര്‍ന്ന് നോര്‍ത്ത് റെയില്‍വേ 18 ട്രെയിനുകള്‍ റദ്ദാക്കി. 4 ട്രെയ്‌നുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചു.കത്രാ, ഉദംപൂര്‍, ജമ്മു റെയില്‍വേ സ്റ്റേഷനുകളിലേക്കും അവിടുന്നും പോകുന്ന എല്ലാ സര്‍വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്. ദശാബ്ദങ്ങള്‍ക്ക് ശേഷമാണ് ഇത്രയും ശക്തമായ മഴ ജമ്മു മേഖലയില്‍ അനുഭവപ്പെടുന്നത്. പല ഗ്രാമങ്ങളും വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്. പാലങ്ങള്‍ ഇടിയുകയും ആശയവിനിമയ സംവിധാനങ്ങള്‍ തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്. പല പ്രദേശങ്ങളിലും വൈദ്യുതി, ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെട്ട നിലയിലാണ്.