പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ കരുക്കള്‍ നീക്കി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. തന്നെ അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റാന്‍ പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ നിന്ന് ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നാണ് സുധാകരന്‍ വിശ്വസിക്കുന്നത്. സതീശന്‍ തനിക്കെതിരെ നടത്തിയ നീക്കത്തിനു അതേ നാണയത്തില്‍ മറുപടി നല്‍കാനാണ് സുധാകരന്റെ തീരുമാനം.
കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് തന്നെ മാറ്റണമെന്ന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത് ആരാണെന്ന് അറിയാമെന്ന് സുധാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് സതീശന്റെ ഓഫീസിനെ ഉദ്ദേശിച്ചാണ്. പ്രതിപക്ഷ നേതാവിന്റെ ഓഫീസിലുള്ള ഒരു മാധ്യമപ്രവര്‍ത്തകനാണ് സുധാകരനെതിരായ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഹൈക്കമാന്‍ഡ് ഇടപെടലിനെ തുടര്‍ന്ന് നേതാക്കള്‍ പരസ്യ പോര് നിര്‍ത്തിയെങ്കിലും പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും തമ്മില്‍ അത്ര നല്ല ബന്ധമല്ല ഇപ്പോഴും.
ഗ്രൂപ്പ് വ്യത്യാസമില്ലാതെ സതീശനെതിരെ കൂടുതല്‍ നേതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇവരുടെയെല്ലാം പിന്തുണ പൂര്‍ണമായി സുധാകരനുണ്ട്. സതീശന്‍ പാര്‍ട്ടി പിടിക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി കസേരയ്ക്കു വേണ്ടി നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നുമാണ് മറ്റു നേതാക്കളുടെ ആക്ഷേപം. ഈ സാഹചര്യത്തിലാണ് കൂടുതല്‍ നേതാക്കള്‍ സതീശനെതിരെ നിലകൊള്ളുന്നത്.
സുധാകരനെ അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റേണ്ട ആവശ്യമില്ലെന്ന് ഹൈക്കമാന്‍ഡിനോടു ആദ്യം പറഞ്ഞത് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലാണ്. സതീശനെ ഒതുക്കാന്‍ സുധാകരന്‍ തുടരേണ്ടത് അത്യാവശ്യമാണെന്ന് വേണുഗോപാല്‍ കരുതുന്നു. ശശി തരൂര്‍, കെ.മുരളീധരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ നേതാക്കളും സുധാകരനെ അനുകൂലിക്കുന്നു. മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും സുധാകരനോടു താല്‍പര്യക്കുറവില്ല. കൂടുതല്‍ മുതിര്‍ന്ന നേതാക്കളുടെ പിന്തുണ സുധാകരനു ലഭിക്കാന്‍ തുടങ്ങിയതോടെ സതീശന്‍ പക്ഷം ദുര്‍ബലമായിരിക്കുകയാണ്.