ഡ്രൈവര്‍ ജെയ്മോന്‍ ജോസഫിനെ പിന്തുണച്ചു യുഡിഎഫ്; കെഎസ്ആര്‍ടിസിയെ തകര്‍ക്കാന്‍ നോക്കുന്ന യൂണിയന് അഭിനന്ദനങ്ങളെന്ന് പരിഹസിച്ച് മന്ത്രി

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 17 ഒക്‌ടോബര്‍ 2025 (19:39 IST)
കെഎസ്ആര്‍ടിസി ബസിലെ കുപ്പിവെള്ള വിവാദത്തില്‍ ഡ്രൈവര്‍ക്കെതിരെ ആരോപണവുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. നടപടി നേരിട്ട ഡ്രൈവറുടെ പിന്നില്‍ യുഡിഎഫ് യൂണിയനാണെന്ന് ഗണേഷ് കുമാര്‍ ആരോപിച്ചു. മന്ത്രിയുടെ നടപടി ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് പ്രതികരണം.
 
ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് വേണ്ടി പണം നല്‍കിയത് യുഡിഎഫ് ആണെന്നും കെഎസ്ആര്‍ടിസി മെച്ചപ്പെടരുതെന്നാണ് അവരുടെ ആഗ്രഹമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയെ തകര്‍ക്കാനുള്ള യൂണിയന്റെ ശ്രമങ്ങളെയും മന്ത്രി പരിഹസിച്ചു. ഡ്രൈവറുടെ സ്ഥലംമാറ്റം റദ്ദാക്കിയ കോടതി ഉത്തരവ് ഞാന്‍ അംഗീകരിക്കുന്നു. എന്നിരുന്നാലും വകുപ്പുതല നടപടി സ്വീകരിക്കുന്നതിന് തടസ്സമില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
 
കെഎസ്ആര്‍ടിസി ബസില്‍ പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ചതിന് ഡ്രൈവര്‍ ജെയ്മോന്‍ ജോസഫിനെ സ്ഥലം മാറ്റിയ ഗതാഗത വകുപ്പിന്റെ നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. മന്ത്രി കെബി ഗണേഷ് കുമാറിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ജെയ്മോന്‍ ജോസഫിനെ സ്ഥലം മാറ്റിയത്. മതിയായ കാരണമില്ലാതെയാണ് അദ്ദേഹത്തിന്റെ സ്ഥലംമാറ്റമെന്ന് ജസ്റ്റിസ് എന്‍ നാഗരേഷ് പറഞ്ഞു. 
 
ഡ്രൈവറെ പൊന്‍കുന്നം യൂണിറ്റില്‍ തന്നെ ജോലി ചെയ്യാന്‍ ഹര്‍ജിക്കാരനെ അനുവദിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പുതുക്കാട് ഡിപ്പോയിലേക്ക് സ്ഥലംമാറ്റിയ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ഡ്രൈവര്‍ ജെയ്മോന്‍ ജോസഫിന്റെ ആവശ്യം. ദീര്‍ഘദൂര ബസ് ഡ്രൈവര്‍മാര്‍ കുടിവെള്ളം കൊണ്ടുപോകേണ്ടത് അത്യാവശ്യമാണെന്നും അത് തെറ്റായി കണക്കാക്കാനാവില്ലെന്നും കോടതി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍