കേരളത്തില്‍ ജനിതക വൈകല്യങ്ങളുള്ള നവജാതശിശുക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നു, ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 17 ഒക്‌ടോബര്‍ 2025 (19:33 IST)
സംസ്ഥാനത്തെ ആരോഗ്യ പ്രവണതയില്‍ ആശങ്കാജനകമായ പുതിയ കണ്ടെത്തല്‍. ജനിതക വൈകല്യങ്ങളുള്ള നവജാത ശിശുക്കളുടെ വര്‍ദ്ധനവ് ചൂണ്ടിക്കാണിക്കുന്ന റിപ്പോര്‍ട്ടാണ് നിയമസഭാ എസ്റ്റിമേറ്റ്‌സ് കമ്മിറ്റി പുറത്തിറക്കി. ജനിതക വൈകല്യങ്ങളുള്ള നവജാത ശിശുക്കളുടെ എണ്ണത്തില്‍ തിരുവനന്തപുരം മുന്നിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 
 
2021 മുതല്‍ 2023 വരെയുള്ള നവജാത ശിശു സ്‌ക്രീനിംഗ് പ്രോഗ്രാമില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം കേസുകളുടെ എണ്ണത്തില്‍ തലസ്ഥാന നഗരത്തിന് തൊട്ടു പിന്നിലാണ് കൊല്ലവും മലപ്പുറവും. മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ അധ്യക്ഷയായ സമിതി സംസ്ഥാനത്ത് ജനിതക വൈകല്യങ്ങളുള്ള കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായും കണ്ടെത്തി.
 
2021-ല്‍ ജനിതക വൈകല്യങ്ങളുള്ള നവജാതശിശുക്കളുടെ എണ്ണം 2,635 ആയിരുന്നു, ഇത് 2022-ല്‍ 3,232 ഉം 2023-ല്‍ 4,779 ഉം ആയി ഉയര്‍ന്നു. തിരുവനന്തപുരം ജില്ലയുടെ കണക്കുകള്‍ 2021-ല്‍ 379 ആയിരുന്നത് 2023-ല്‍ 1,237 ആയി വര്‍ദ്ധിച്ചു. 226% വര്‍ദ്ധനവാണ് ഉണ്ടായത്. 'ശലഭം' പദ്ധതി പ്രകാരം സംസ്ഥാനത്തെ 13 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള 2024 കണക്കുകള്‍, സംസ്ഥാനത്ത് തിരിച്ചറിഞ്ഞ കേസുകളില്‍ 61% വും (2846 ല്‍ 1745) തലസ്ഥാനത്തു നിന്നാണ്. 
 
എന്നിരുന്നാലും, ഓരോ ജില്ലയിലും സ്‌ക്രീന്‍ ചെയ്ത കുട്ടികളുടെ ആകെ എണ്ണം ലഭിച്ചിട്ടില്ലെന്നും അതിനുശേഷം മാത്രമേ അന്തിമ വിശകലനം നടത്താന്‍ കഴിയൂ എന്നും കമ്മിറ്റി നിരീക്ഷിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍