കരുവന്നൂര്‍ കേസില്‍ കെ രാധാകൃഷ്ണന്‍ എംപി ഇഡിക്കു മുന്നില്‍ ഹാജരായി. കൊച്ചിയിലെ ഓഫീസില്‍ ഇന്ന് രാവിലെ 11 മണിയോടെയാണ് കെ രാധാകൃഷ്ണന്‍ എംപി ചോദ്യം ചെയ്യലിന് ഹാജരായത്. നേരത്തെ രണ്ട് തവണ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും പാര്‍ലമെന്റ് നടക്കുന്നതിനാലും പാര്‍ട്ടി കോണ്‍ഗ്രസ് ഉണ്ടായിരുന്നതിന്നാലും അദ്ദേഹം അസൗകര്യം അറിയിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം മധുരയില്‍ നിന്ന് തിരിച്ചെത്തി മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ അദ്ദേഹം സജീവമായിരുന്നു. ഇതിനു ശേഷം ഇന്നാണ് ഇഡിക്കു മുന്നില്‍ ഹാജരായത്. കെ രാധാകൃഷ്ണന്‍ മുന്‍പ് സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന കാലഘട്ടത്തിലെ കണക്കുകള്‍ സംബന്ധിച്ച വിവരങ്ങളാണ് ഇഡി അന്വേഷിക്കുന്നത്. നേരത്തെ കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് നിലവിലെ ജില്ലാ സെക്രട്ടറിയെ ഇഡി ചോദ്യം ചെയ്തിരുന്നു.