തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ഇഷ്ടികകള്‍ ഭവന നിര്‍മ്മാണത്തിനായി ശേഖരിക്കുന്ന പദ്ധതി തുടരാനുള്ള തിരുവനന്തപുരം കോര്‍പ്പറേഷന്റെ തീരുമാനത്തില്‍ പ്രതികരണവുമായി വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്ത്. എല്‍ഡിഎഫ് ഭരണകാലത്ത് ആരംഭിച്ച പദ്ധതിയെ എതിര്‍ത്തിരുന്നവര്‍ ഇപ്പോള്‍ അധികാരത്തിലെത്തിയതിനുശേഷം അത് തുടരാന്‍ തീരുമാനിച്ചത് നല്ല കാര്യമാണെന്ന് പ്രശാന്ത് സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു.
2018 ല്‍ താന്‍ മേയറായിരുന്നപ്പോഴാണ് പദ്ധതി ആദ്യമായി ആരംഭിച്ചതെന്ന് വി കെ പ്രശാന്ത് പറഞ്ഞു. ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ഇഷ്ടികകള്‍ ശേഖരിച്ച് സര്‍ക്കാര്‍ ഭവന പദ്ധതിയുടെ ഗുണഭോക്താക്കളായ ദരിദ്ര കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്നതായിരുന്നു ഈ സംരംഭം. മേയര്‍ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള കോര്‍പ്പറേഷന്‍ കൗണ്‍സില്‍ പിന്നീട് പദ്ധതി തുടര്‍ന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നൂറിലധികം കുടുംബങ്ങള്‍ക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ഈ പദ്ധതി സഹായിച്ചതായി അദ്ദേഹം പറഞ്ഞു.