സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി, എലിപ്പനി, ചിക്കന്‍ഗുനിയ എന്നിവയ്‌ക്കെതിരേയും ശ്രദ്ധ വേണം. ഹെപ്പറ്റൈറ്റിസ് എ, മലേറിയ, എച്ച്1 എന്‍1 തുടങ്ങിയ രോഗങ്ങളും പൊതുവായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ. കുടിവെള്ള സ്രോതസുകള്‍ കൃത്യമായി ക്ലോറിനേറ്റ് ചെയ്യണം. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനും മന്ത്രി നിര്‍ദേശം നല്‍കി.
വേനല്‍ക്കാലമായതിനാല്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) ജാഗ്രത പാലിക്കണം. ജലാശയങ്ങളില്‍ കുളിക്കുന്നവര്‍ ശ്രദ്ധിക്കണം. വാട്ടര്‍ ടാങ്കുകള്‍ ചെളി കെട്ടിക്കിടക്കാതെ വൃത്തിയാക്കണം. സ്വിമ്മിംഗ് പൂളുകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ എന്നിവിടങ്ങളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണം. ഇത്തരം ജലവുമായി ഏതെങ്കിലും രീതിയില്‍ സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവര്‍ക്ക് തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി അക്കാര്യം പറഞ്ഞ് ചികിത്സ തേടേണ്ടതാണ്.