കേരളത്തില്‍ എവിടെയെങ്കിലും പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നത് കണ്ടാല്‍ ഉത്തരവാദിത്തപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുക. ഇങ്ങനെ ചെയ്യുന്നവര്‍ക്ക് പാരിതോഷികമായി 2,500 രൂപയാണ് ഇപ്പോള്‍ കിട്ടുന്നത്. മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായാണ് സര്‍ക്കാര്‍ ആകര്‍ഷകമായ നടപടികള്‍ കൈകൊള്ളുന്നത്.
മാലിന്യം വലിച്ചെറിയുന്ന ആളുടെ ചിത്രമോ വീഡിയോയോ പകര്‍ത്താം. വലിച്ചെറിഞ്ഞ ആളെ കണ്ടെത്തി സര്‍ക്കാര്‍ പിഴ ചുമത്തും. ഈ പിഴയില്‍ നിന്ന് 2,500 രൂപ വിവരം കൈമാറിയ ആള്‍ക്ക് പാരിതോഷികമായി നല്‍കും. പാരിതോഷിക തുക വര്‍ധിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലുണ്ട്.
' പാരിതോഷികം പറഞ്ഞപ്പോള്‍ പലര്‍ക്കും വിശ്വാസം ഇല്ലായിരുന്നു. പലരും ഗൗരവത്തില്‍ എടുത്തില്ല. ഈയടുത്ത് കൊച്ചിയില്‍ നടന്ന സംഭവത്തോടെ കാര്യങ്ങള്‍ മനസിലായി. പാരിതോഷികം ലഭിച്ച ആള്‍ ആ രശീത് തന്നെ ഇട്ടിട്ടുണ്ട്. പാരിതോഷികം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. വാട്‌സ്ആപ്പ് വഴി വിവരം ലഭിച്ച് 23.1 ലക്ഷം രൂപയുടെ പിഴയാണ് ഇതുവരെ ചുമത്തിയത്. നല്ല പ്രതികരണം ഉണ്ട്. 5,762 പരാതികള്‍ ഇതുവരെ ലഭിച്ചു,' മന്ത്രി പറഞ്ഞു.