Dharmasthala Case: ദുരൂഹതകളുടെ കോട്ട; എന്താണ് ധര്‍മസ്ഥല വിവാദം?

Nelvin Gok

തിങ്കള്‍, 28 ജൂലൈ 2025 (12:30 IST)
Dharmasthala Temple

Dharmasthala Case: കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയില്‍ ബെല്‍ത്തങ്ങാടി താലൂക്കില്‍ സ്ഥിതി ചെയ്യുന്ന ജൈന ക്ഷേത്രമാണ് ധര്‍മസ്ഥല മഞ്ജുനാഥ ക്ഷേത്രം. ഈ ക്ഷേത്രത്തില്‍ 1995 മുതല്‍ 2014 വരെ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്ത ഒരാള്‍ 2025 ജൂലൈ മൂന്നിനു നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് വിവാദങ്ങളുടെ തുടക്കം.

താന്‍ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്ന കാലയളവില്‍ നൂറോളം മൃതദേഹങ്ങള്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട ഭൂമിയില്‍ പലയിടത്തായി മറവ് ചെയ്തിട്ടുണ്ടെന്നാണ് പേര് വെളിപ്പെടുത്താത്ത ഈ 48 കാരന്റെ ആരോപണം. താന്‍ മറവ് ചെയ്തവരില്‍ പെണ്‍കുട്ടികളും സ്ത്രീകളും ഉണ്ടെന്ന് ഇയാള്‍ പറയുന്നു. ക്ഷേത്ര ഭാരവാഹികളുടെ അറിവോടെയാണ് ഇതെല്ലാം ചെയ്യിപ്പിച്ചതെന്നും ഇയാള്‍ പറയുന്നു. 
 
കുറ്റബോധം തന്നെ വേട്ടയാടുകയാണെന്നും സമാധാനത്തോടെ കിടന്നുറങ്ങാന്‍ സാധിക്കുന്നില്ലെന്നും അതുകൊണ്ടാണ് ഇപ്പോഴത്തെ തുറന്നുപറച്ചില്‍. മൃതദേഹങ്ങള്‍ കുഴിച്ചിട്ട സ്ഥലങ്ങള്‍ കാണിച്ചു തരാനും ബ്രെയിന്‍ മാപ്പിങ്, പോളിഗ്രാഫ് അടക്കമുള്ള ഏത് പരിശോധനയ്ക്കും വിധേയനാകാമെന്നും ഇയാള്‍ പറയുമ്പോള്‍ വെളിപ്പെടുത്തലുകള്‍ കൂടുതല്‍ ഗൗരവസ്വഭാവമുള്ളതാകുന്നു. 
 
വെളിപ്പെടുത്തലുകള്‍ നടത്തിയ വ്യക്തി 2014 ഡിസംബറില്‍ ആണ് ധര്‍മസ്ഥലയിലെ ശുചീകരണ തൊഴില്‍ അവസാനിപ്പിച്ച് കുടുംബസമേതം മറ്റൊരു സംസ്ഥാനത്തേക്ക് താമസം മാറ്റുന്നത്. ആ സമയത്ത് ഇയാളുടെ ബന്ധുവായ ഒരു പെണ്‍കുട്ടി പീഡനത്തിനു ഇരയായിരുന്നു. 
 
ധര്‍മസ്ഥല ക്ഷേത്ര അധികാരി ധര്‍മ്മാധികാരി എന്ന പേരിലാണ് അറിയപ്പെടുന്നത്. ജൈന മതവിശ്വാസികളായ ഹെഗ്ഡെ കുടുംബമാണ് അധികാരം കയ്യാളുന്നത്. നിലവിലെ ക്ഷേത്ര ധര്‍മ്മാധികാരിയുടെ പേര് വീരേന്ദ്ര ഹെഗ്ഡെ എന്നാണ്. 2022 മുതല്‍ രാജ്യസഭാ എംപി, രാജ്യസഭയിലേക്ക് എത്തിയത് സാക്ഷാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാല്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട് ! 
 
മേല്‍പ്പറഞ്ഞ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ജൂലൈ 19 ന് കര്‍ണാടക സര്‍ക്കാര്‍ ധര്‍മസ്ഥലയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ സ്പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീമിനെ നിയമിച്ചു. ജൂലൈ 26 നു എസ്.ഐ.ടി ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ട്. 
 
വെളിപ്പെടുത്തല്‍ നടത്തിയ വ്യക്തി 2010 ലെ ഒരു സംഭവത്തെ കുറിച്ച് പറയുന്നുണ്ട്, അത് ഇങ്ങനെയാണ്: ക്ഷേത്രവുമായി ബന്ധപ്പെട്ട ചില ഉന്നതര്‍ ധര്‍മസ്ഥലയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഒരിക്കല്‍ തന്നെ വിളിപ്പിച്ചു. അവിടെ വെച്ച് 12 നും 15 നും ഇടയില്‍ പ്രായമുള്ള ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടു. സ്‌കൂള്‍ യൂണിഫോം ഷര്‍ട്ടാണ് ഈ പെണ്‍കുട്ടിയുടെ ദേഹത്തുള്ളത്. പാവാടയോ അടിവസ്ത്രമോ ഇല്ല. കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചതിന്റെ പാടുകള്‍ കാണാം. അതിക്രൂരമായി ബലാംത്സംഗം ചെയ്യപ്പെട്ടതിന്റെ ലക്ഷണങ്ങള്‍ ഈ പെണ്‍കുട്ടിയുടെ ശരീരത്തിലുണ്ട്. ആഴത്തില്‍ ഒരു കുഴിയെടുത്ത് സ്‌കൂള്‍ ബാഗ് സഹിതം ഈ പെണ്‍കുട്ടിയെ കുഴിച്ചിടാന്‍ അവര്‍ തന്നോടു ആവശ്യപ്പെട്ടു. ഈ രംഗം തന്നെ ഇപ്പോഴും വേട്ടയാടുന്നതായി ഇയാള്‍ പറയുന്നു. 
 
ധര്‍മസ്ഥലയുമായി ബന്ധപ്പെട്ട ഇത്തരം ദുരൂഹതകള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 1979 ല്‍ വേദവല്ലി എന്ന് പേരുള്ള ഒരു സ്‌കൂള്‍ അധ്യാപികയെ വീട്ടിലെ ബാത്ത്റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതാണ് ധര്‍മസ്ഥലയുമായി ബന്ധപ്പെട്ട ആദ്യ വിവാദ സംഭവം. വേദവല്ലിക്ക് സ്‌കൂളിലെ പ്രധാന അധ്യാപികയായി സ്ഥാനക്കയറ്റം ലഭിക്കുന്നു. എന്നാല്‍ ധര്‍മസ്ഥലയിലെ അധികാരികളുമായി ബന്ധമുള്ള മറ്റൊരു അധ്യാപികയ്ക്കു പ്രധാന അധ്യാപിക സ്ഥാനം ലഭിക്കുന്നു. ഇതിനെതിരെ വേദവല്ലി നിയമപോരാട്ടം നടത്തി വിജയം സ്വന്തമാക്കി. തൊട്ടുപിന്നാലെയാണ് വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ വേദവല്ലിയെ കണ്ടെത്തുന്നത്. പിന്നീട് 1986 ല്‍ പദ്മലത എന്ന പെണ്‍കുട്ടിയെ കാണാതാകുകയും 56 ദിവസങ്ങള്‍ക്കു ശേഷം മൃതദേഹം കണ്ടെത്തുകയും ചെയ്തു, 2003 ല്‍ കാണാതായ അനന്യ ബട്ട്, 2012 ലെ സൗജന്യ കൊലക്കേസ്, അതേ വര്‍ഷം തന്നെ റിപ്പോര്‍ട്ട് ചെയ്ത നാരായണന്‍-യമുന ദമ്പതികളുടെ ദുരൂഹ മരണം തുടങ്ങി ധര്‍മസ്ഥലയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നീണ്ടുപോകുകയാണ്.
 
സുതാര്യമായ അന്വേഷണത്തിലൂടെ ഈ മരണങ്ങളുടെയെല്ലാം നിജസ്ഥിതി പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം. 2003 ല്‍ കാണാതായ അനന്യ ബട്ടിനു വേണ്ടി അമ്മ സുജാത ബട്ട് ഇപ്പോഴും കാത്തിരിക്കുകയാണ്. സുജാത ബട്ടിനെ പോലെ ഒട്ടേറെ പേര്‍...! 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍