Shashi Tharoor: തരൂരിനെ കോണ്‍ഗ്രസിനു മടുത്തോ? പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അവസരമില്ല

രേണുക വേണു

തിങ്കള്‍, 28 ജൂലൈ 2025 (10:39 IST)
Shashi Tharoor: ശശി തരൂരിനെ തഴഞ്ഞ് കോണ്‍ഗ്രസ്. പാര്‍ലമെന്റില്‍ 'ഓപ്പറേഷന്‍ സിന്ദൂര്‍' ചര്‍ച്ച നടക്കുമ്പോള്‍ ശശി കോണ്‍ഗ്രസിലെ ഏറ്റവും മികച്ച വാഗ്മികളില്‍ ഒരാളായ തരൂരിനു സംസാരിക്കാന്‍ അവസരമില്ല. 
 
മണ്‍സൂണ്‍ സെഷന്‍ പുനഃരാരംഭിക്കുക പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍ എന്നീ വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളിലൂടെയാണ്. ഇരുസഭയിലുമായി 16 മണിക്കൂര്‍ വീതമാണ് ചര്‍ച്ചയ്ക്കായി സമയം നീക്കിവെച്ചിരിക്കുന്നത്. ലോക്‌സഭയില്‍ ഇന്നും രാജ്യസഭയില്‍ നാളെയുമാണ് ചര്‍ച്ച. 
 
വിഷയങ്ങളില്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നേരത്തെ കത്ത് നല്‍കണം. എന്നാല്‍ തരൂര്‍ ഇങ്ങനെയൊരു ആവശ്യം കത്ത് മുഖേന അറിയിച്ചിട്ടില്ല. പഹല്‍ഗാം വിഷയത്തില്‍ കോണ്‍ഗ്രസിനായി സംസാരിക്കാന്‍ തരൂരിനു താല്‍പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വവും ഇക്കാര്യം തരൂരിനോടു ആവശ്യപ്പെട്ടിട്ടില്ല. തരൂര്‍ ചര്‍ച്ചയില്‍ നിന്ന് പൂര്‍ണമായി വിട്ടുനിന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
 
ഈയിടെയായി മോദി സര്‍ക്കാരിനെ പ്രശംസിച്ച് തരൂര്‍ നടത്തിയ പ്രസ്താവനകളെല്ലാം കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്. ബിജെപിയിലേക്ക് പോകാനാണ് തരൂര്‍ ശ്രമിക്കുന്നതെന്നാണ് കോണ്‍ഗ്രസ് നിരീക്ഷണം. തരൂര്‍ സ്വന്തം ഇഷ്ടത്തിനു കോണ്‍ഗ്രസ് വിടട്ടെ എന്നും പുറത്താക്കിയാല്‍ അത് തരൂരിനു തന്നെ ഗുണം ചെയ്യുമെന്നുമാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍