കോണ്‍ഗ്രസ് ഭരണകാലത്ത് ഒരു ജയില്‍പ്പുള്ളി മന്ത്രിയുടെ കാറില്‍ കയറി രക്ഷപ്പെട്ടു; ഗുരുതര വെളിപ്പെടുത്തലുമായി മുന്‍ ജയില്‍ ഡിജിപി

രേണുക വേണു

ശനി, 26 ജൂലൈ 2025 (15:02 IST)
അലക്‌സാണ്ടര്‍ ജേക്കബ്

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് സര്‍ക്കാര്‍ ഭരിക്കുന്ന സമയത്ത് ഒരു ജയില്‍പ്പുള്ളി മന്ത്രിയുടെ കാറില്‍ കയറി രക്ഷപ്പെട്ടെന്ന് മുന്‍ ജയില്‍ ഡിജിപി ഡോ.അലക്‌സാണ്ടര്‍ ജേക്കബ്. ഗോവിന്ദച്ചാമി ജയില്‍ ചാടിയതുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
യുഡിഎഫ് ഭരിക്കുന്ന സമയത്ത് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ഒരു യോഗത്തിനു വന്ന കോണ്‍ഗ്രസ് മന്ത്രിയുടെ കാറില്‍ കയറി തടവുപുള്ളി രക്ഷപ്പെടാന്‍ നോക്കിയെന്നാണ് അലക്‌സാണ്ടര്‍ ജേക്കബ് പറയുന്നത്. 
 
തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ മീറ്റിങ്ങിനു വന്നതാണ് മന്ത്രി. ഈ സമയത്ത് ഒരു തടവുകാരന്‍ ചെന്ന് മന്ത്രിയുടെ കാര്‍ ഡ്രൈവറോടു പറഞ്ഞു ഈ കാറില്‍ കയറി ഇരിക്കാന്‍ മന്ത്രി എന്നോടു പറഞ്ഞെന്ന്. ജയിലില്‍ കിടക്കുന്ന ഒരു തടവുകാരന്‍ വെള്ള വസ്ത്രവും ധരിച്ച് കൊറോണ സമയത്ത് വെച്ചിരുന്ന മാസ്‌കും ധരിച്ച് മന്ത്രിയുടെ കാറില്‍ കയറി. ഗണ്‍മാനും ഡ്രൈവറും ഈ തടവുപുള്ളിയെ മുന്നിലെ സീറ്റില്‍ ഇരുത്തി. പിന്നാലെ മന്ത്രി വന്നു. മന്ത്രിയുടെ കൂടെ ഡിജിപിയുണ്ട്, ഡിഐജിയുണ്ട്, ജയില്‍ സൂപ്രണ്ട് ഉണ്ട്, വാര്‍ഡന്‍മാര്‍ ഉണ്ട് ഇവരെല്ലാം കൂടെ 32 ജയില്‍ സ്റ്റാഫുകള്‍ നോക്കികൊണ്ടിരിക്കുകയാണ്. മുന്‍സീറ്റില്‍ ഇരിക്കുന്ന ഈ തടവുപുള്ളി ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. യുഡിഎഫ് മന്ത്രിയുടെ കാറില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഈ പ്രതി സെക്രട്ടറിയറ്റ് വരെ എത്തി. അവനെ അറസ്റ്റ് ചെയ്യാന്‍ 24 മണിക്കൂറെടുത്തെന്നും അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞു. 
അതേസമയം ആ മന്ത്രി ആരാണെന്നു വെളിപ്പെടുത്താന്‍ അലക്‌സാണ്ടര്‍ ജേക്കബ് തയ്യാറായില്ല. ജയിലില്‍ യോഗത്തിനു വരേണ്ട മന്ത്രി എന്തായാലും ആഭ്യന്തര മന്ത്രി ആയിരിക്കുമല്ലോ എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ അലക്‌സാണ്ടര്‍ ജേക്കബ് ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍