അനധികൃതമായി ഇന്ത്യയില്‍ തുടരുന്ന കുടിയേറ്റക്കാരെ പുറത്താക്കാനുള്ള നടപടികള്‍ കടുപ്പിച്ച് അസം സര്‍ക്കാര്‍. അസം സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 330ലധികം ബംഗ്ലാദേശികളെയാണ് രണ്ട് മാസത്തിനിടെ തിരിച്ചയച്ചത്. ധുബ്രി, ഗോല്പാര, ഗോലാഘട്ട് ജില്ലയിലെ ഉറിയംഘട്ട് എന്നീ മേഖലകളിലെ അനധികൃത താമസക്കാരെ കണ്ടെത്തി ഒഴിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് അസം സര്‍ക്കാര്‍.ഈ സാഹചര്യത്തിലാണ് അസമുമായി 884.9 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന മേഘാലയയും സുരക്ഷ വര്‍ധിപ്പിച്ചത്.
അസം സര്‍ക്കാര്‍ വിദേശികളെ തിരിച്ചയക്കുന്ന നടപടികള്‍ തുടരുന്നതിനാല്‍ അവര്‍ മേഘാലയയില്‍ പ്രവേശിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കുകയും ഇത്തരം നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനായി അവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളതായി ബുധനാഴ്ച പത്രസമ്മേളനത്തീല്‍ മേഘാലയ അഡീഷണല്‍ ചീഫ് സെക്രട്ടറി ഷക്കീല്‍ പി അഹമ്മദ് വ്യക്തമാക്കി. അസമുമായി അതിര്‍ത്തി പങ്കിടുന്ന റി ഭോയി, വെസ്റ്റ് ജെയ്ന്റിയ ഹില്‍സ്, വെസ്റ്റ് ഖാസി ഹില്‍സ് തുടങ്ങിയ ജില്ലകളിലേക്കുള്ള പ്രവേശനം തടയാനാണ് മേഘാലയ സര്‍ക്കാരിന്റെ ശ്രമം.