18നും 31നും ഇടയിൽ പ്രായമായ സ്ത്രീകളെ ജോലി വാഗ്ദാനം ചെയ്ത് ബിഹാറിലേക്ക് കടത്താൻ ശ്രമം, രക്ഷപ്പെടുത്തിയത് റെയിൽവേ ജീവനക്കാർ

അഭിറാം മനോഹർ

ബുധന്‍, 23 ജൂലൈ 2025 (14:49 IST)
ബെംഗളുരുവില്‍ ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളെ കൂട്ടമായി കടത്താന്‍ ശ്രമം. ടിക്കറ്റോ മറ്റ് രേഖകളോ ഇല്ലാതെ ഇവര്‍ യാത്രചെയ്യുന്നത് റെയില്‍വേ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇവര്‍ നടത്തിയ ഇടപെടലാണ് സ്ത്രീകളെ രക്ഷിച്ചത്. ന്യൂ ജല്പായ് ഗുരി- പട്‌ന ക്യാപിറ്റല്‍ എക്‌സ്പ്രസിലാണ് ഒരു സംഘം യുവതികള്‍ ടിക്കറ്റോ മറ്റ് രേഖകളോ ഇല്ലാതെ യാത്ര ചെയ്തത്. പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി, കൂച്ച് ബെഹാര്‍, അലിപുര്‍ദുവാര്‍ എന്നീ ജില്ലകളില്‍ നിന്നുള്ള 18നും 31നും ഇടയില്‍ പ്രായമായ സ്ത്രീകളാണ് സംഘത്തിലുണ്ടായിരുന്നത്.
 
ഇവരുടെ കൈവശം സാധുവായ ടിക്കറ്റുകള്‍ ഇല്ലെന്ന് കണ്ടെത്തിയതോടെ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു. കാര്യം അന്വേഷിച്ചപ്പോഴാണ് ബെംഗളുരുവില്‍ ജോലി വാഗ്ദാനം ചെയ്തിട്ടുള്ളതായി സ്ത്രീകള്‍ വെളിപ്പെടുത്തിയത്. ബെംഗളുരുവിലെ ജോലിയ്ക്ക് സ്ത്രീകളെ എന്തിന് ബിഹാറിലേക്ക് കൊണ്ടുപോകുന്നുവെന്ന ചോദ്യത്തിന് കൂടെയുണ്ടായിരുന്ന സ്ത്രീക്കും പുരുഷനും മറുപടി നല്‍കാനായില്ല. ജോളി വാഗ്ദാനം സ്ഥിരീകരിക്കുന്ന രേഖകളും ഇല്ലാതെ വന്നതോടെ 56 സ്ത്രീകളെയും രക്ഷപ്പെടുത്തുകയും ഇവര്‍ക്കൊപ്പമുണ്ടായ 2 പേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മനുഷ്യക്കടത്ത് സംശയിക്കുന്ന സാഹചര്യത്തില്‍ റെയില്‍വേ പോലീസും ആര്‍പിഎഫും കേസ് സംയുക്തമായി അന്വേഷിച്ചുവരികയാണ്. സ്ത്രീകളെ അവരവരുടെ വീടുകളിലേക്ക് തിരിച്ചയച്ചതായി അധികൃതര്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍