ഹൈക്കോടതിക്ക് ഇങ്ങനെ തെറ്റ് പറ്റുമോ?,രേണുകാസ്വാമി കൊലക്കേസിൽ നടൻ ദർശന് ജാമ്യം നൽകിയതിൽ രൂക്ഷവിമർശനവുമായി സുപ്രീം കോടതി

അഭിറാം മനോഹർ

വ്യാഴം, 24 ജൂലൈ 2025 (15:22 IST)
രേണുകാസ്വാമി കൊലക്കേസില്‍ കന്നഡ സൂപ്പര്‍ താരം ദര്‍ശനുള്‍പ്പടെയുള്ളവര്‍ക്ക് ജാമ്യം അനുവദിച്ച രീതിയുടെ പേരില്‍ കര്‍ണാടക ഹൈക്കോടതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. ഹൈക്കോടതി ജുഡീഷ്യല്‍ വിവേചനാധികാരം വിവേകപൂര്‍ണമായാണോ ഉപയോഗിച്ചത് എന്ന് ചോദിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് കര്‍ണാടക ഹൈക്കോടതിയെ രൂക്ഷമായി വിമര്‍ശിച്ചത്.
 
33കാരനായ രേണുകാസ്വാമിയുടെ കൊലപാതകത്തില്‍ നടന്‍ ദര്‍ശനും മറ്റുള്ളവര്‍ക്കും ജാമ്യം അനുവദിച്ചുകൊണ്ട് 2024 ഡിസംബര്‍ 13നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെ ചോദ്യം ചെയ്ത് കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. എല്ലാ ജാമ്യാപേക്ഷകളിലും ഇതേ രീതിയിലാണ് ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു.
 
 ഹൈക്കോടതിയുടെ സമീപനമാണ് ഞങ്ങളെ അലട്ടുന്നത്. ഇങ്ങനെ ചെയ്തത് ശരിയാണെന്നാണോ ഒരു ഹൈക്കോടതി ജഡ്ജിയുടെ ധാരണ. ഇതൊരു സെഷന്‍സ് കോടതി ജഡ്ജിയാണെങ്കില്‍ അത് മനസിലാക്കാമായിരുന്നു. ഒരു ഹൈക്കോടതി ജഡ്ജി ഇങ്ങനെ തെറ്റ് വരുത്താമോ?, ഇത്രയും ഗൗരവകരമായ ഒരു കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കും മുന്‍പെ ഹൈക്കോടതി വിവേചനപൂര്‍വം ചിന്തിച്ചിരുന്നോ എന്ന് പരിശോധിക്കുകയാണ്. ഇതൊരു കൊലപാതകത്തിന്റെയും ഗൂഡാലോചനയുടെയും കാര്യമായതിനാല്‍ ഞങ്ങള്‍ അതിനെ ഗൗരവകരമായാണ് കാണുന്നത്. സുപ്രീം കോടതി പറഞ്ഞു.
 
 ക്രൂരകൃത്യം നടന്നയിടത്തിന്റെ കാവല്‍ക്കാരായിരുന്ന കിരണിന്റെയും പുനീതിന്റെയും ദൃക്‌സാക്ഷി മൊഴികള്‍ ഹൈക്കോടതി എങ്ങനെ തള്ളികളഞ്ഞു. പത്താം പ്രതിയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. ആക്രമണത്തിന്റെ ചിത്രങ്ങള്‍ എന്തിനാണ് ഒരാള്‍ എടുക്കുന്നതെന്നും കോടതി ചോദിച്ചു. വിഷയം കൂടുതല്‍ പരിശോധിച്ച് വിധി പറയാമെന്ന് വ്യക്തമാക്കികൊണ്ടാണ് സുപ്രീം കോടതി ബെഞ്ച് വാദം കേള്‍ക്കല്‍ അവസാനിപ്പിച്ചത്. പ്രതികളെ കുറ്റവിമുക്തരാക്കുകയോ ശിക്ഷിക്കുകയോ ചെയ്യുന്ന ഒരു വിധി പ്രസ്താവിക്കില്ല. പകരം ഹൈക്കോടതിയുടെ നടപടിക്രമങ്ങള്‍ പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍