Nimisha Priya death sentence: സാഹചര്യം കൊണ്ട് കുറ്റവാളിയായി,നിമിഷപ്രിയയുടെ മരണശിക്ഷ 16ന്,മോചനത്തിനായുള്ള ശ്രമത്തിൽ ഇന്ത്യ

അഭിറാം മനോഹർ

തിങ്കള്‍, 14 ജൂലൈ 2025 (19:57 IST)
Nimisha priya
മലയാളികള്‍ക്ക് എല്ലാ കാലത്തും ഗള്‍ഫ് എന്നത് സ്വപ്നജീവിതത്തിലേക്കുള്ള ഒരു വാതില്‍ കൂടിയാണ്. ഏറെ പ്രതീക്ഷകളോടെ ഗള്‍ഫിലെത്തി ജീവിതം പച്ചപിടിപ്പിച്ച അനേകം പ്രവാസികള്‍ നമ്മളുടെ ചുറ്റുവട്ടത്ത് തന്നെയുണ്ട്. അത്തരത്തില്‍ പാലക്കാട് കൊല്ലങ്ങോട് നിന്നും ജീവിതം പച്ചപിടിപ്പിക്കാനായാണ് നഴ്‌സായ നിമിഷപ്രിയ 2008ല്‍ യമനിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യാനെത്തിയത്. ഇവിടെ നിന്നും യമനി പൗരനായ തലാല്‍ അബ്ദു മെഹ്ദിയെ നിമിഷ പരിചയപ്പെട്ടു. 2015ല്‍ സ്വന്തമായി ക്ലിനിക്ക് തുടങ്ങാനായി നിമിഷ ശ്രമിച്ചപ്പോള്‍ തടസമായി നിന്നത് ഭാഷയായിരുന്നു. ഇതിനായി യമനി സ്വദേശിയായ തലാലിന്റെ പാര്‍ട്ട്ണര്‍ഷിപ്പില്‍ നിമിഷ യമനില്‍ ക്ലിനിക് തുടങ്ങി. ഇതോടെയാണ് നിമിഷയുടെ ദുരന്തപൂര്‍ണ്ണമായ ജീവിതത്തിന് തുടക്കമാവുന്നത്.
 
 
നിമിഷയുടെ പാസ്‌പോര്‍ട്ടും മറ്റ് രേഖകളും തലാല്‍ പിടിച്ചുവെച്ചതോടെ യമനില്‍ നിമിഷ കുടുങ്ങിയ നിലയിലായി. നിരന്തരമായ ശാരീരികപീഡനങ്ങളും മാനസിക പീഡനങ്ങളും തലാലില്‍ നിന്നും നിമിഷയ്ക്ക് ഏറ്റുവാങ്ങേണ്ടതായി വന്നു. നിമിഷയും മഹ്ദിയും വിവാഹിതരാണെന്ന് അവകാശപ്പെടുന്ന വ്യാജ രേഖകള്‍ നിര്‍മ്മിച്ച് അവരെ യെമനില്‍ കുടുക്കി.
2017 ജൂലൈയില്‍, പാസ്പോര്‍ട്ട് വീണ്ടെടുക്കാനും രക്ഷപ്പെടാനും നിമിഷ മഹ്ദിയെ കെറ്റാമൈന്‍ നല്‍കി മയക്കി കിടത്താനായി ശ്രമിച്ചു.മയങ്ങികിടക്കുമ്പോള്‍ പാസ്‌പോര്‍ട്ട് എടുത്ത് ഏക്ഷപ്പെടാനായിരുന്നു പദ്ധതി. എന്നാല്‍ മയക്കുമരുന്നിന്റെ അളവ് അധികമായത് കൊണ്ട് തലാല്‍ ഇതിനിടയില്‍ മരിച്ചു.മറ്റൊരു നഴ്‌സിന്റെ സഹായത്തോടെ ഈ ദേഹം നിമിഷ നശിപ്പിച്ചു.രക്ഷപ്പെടാന്‍ ശ്രമിച്ച നിമിഷയെ സൗദി അതിര്‍ത്തിയില്‍ വെച്ച് യമന്‍ പോലീസ് പിടിച്ചു. കൊലപാതകം നിമിഷ സമ്മതിച്ചു, മയക്കുമരുന്ന് കൂടിയ അളവില്‍ നല്‍കിയത് മനപൂര്‍വമല്ലെന്നും പാസ്‌പോര്‍ട്ട് കൈവശപ്പെടുത്തി രക്ഷപ്പെടാനായിരുന്നുവെന്നും നിമിഷ മൊഴി നല്‍കി. 2018ലാണ് യമന്‍ കോടതി നിമിഷയ്ക്ക് വധശിക്ഷ വിധിച്ചത്. തുടര്‍ന്നുള്ള അപ്പീല്‍ ഹര്‍ജികളെല്ലാം യമന്‍ കോടതി തള്ളികളഞ്ഞു. ബ്ലഡ് മണിയായി ഒരു കോടിയോളം രൂപ തലാലിന്റെ കുടുംബത്തിന് നല്‍കി കേസ് ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ നിമിഷയുടെ കുടുംബം നടത്തിയെങ്കിലും ഇതിന് അനുകൂലമായ നിലപാടല്ല തലാലിന്റെ കുടുംബം എടുത്തിരിക്കുന്നത്. 2025 ജൂലൈ 16നാണ് നിമിഷപ്രിയയുടെ വധശിക്ഷ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. രാജ്യാന്തര മനുഷ്യാവകാശ സംഘടനകളും ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വവുമെല്ലാം നിമിഷപ്രിയയെ മോചിപ്പിക്കുന്നതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണ്. എന്നാല്‍ കേസില്‍ യാതൊരു അനുകൂലമായ നിലപാടുകളും യമനില്‍ നിന്നും ഇതുവരെ വന്നിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍