വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മതേതരമായി പ്രവര്‍ത്തിക്കാന്‍ പരിഷ്‌കാരങ്ങള്‍ ആലോചിച്ച് സംസ്ഥാന സര്‍ക്കാര്‍. മതപരമായ ചടങ്ങുകള്‍, പ്രാര്‍ത്ഥനകള്‍ എന്നിവയ്ക്കുള്ള ഇടമല്ല വിദ്യാലയങ്ങളെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതിന്റെ ഭാഗമായി സ്‌കൂളുകളിലെ ഈശ്വര പ്രാര്‍ത്ഥനകളില്‍ അടക്കം മാറ്റം വരുത്തും.
സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതാചാരപ്രകാരമുള്ള പ്രാര്‍ത്ഥനകള്‍, അനുഷ്ഠാനങ്ങള്‍ എന്നിവയ്ക്കു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. എല്ലാ മതവിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന വിധമുള്ള പ്രാര്‍ത്ഥനകള്‍ കൊണ്ടുവരും. ഇതിനായി പ്രാര്‍ത്ഥനാ ഗാനങ്ങള്‍ അടക്കം പരിഷ്‌കരിക്കും. വിശദമായ പഠനങ്ങള്‍ക്കു ശേഷമായിരിക്കും അന്തിമ തീരുമാനം.
മതസംഘടനകള്‍ പൊതുവിദ്യാഭ്യാസത്തില്‍ ഇടപെടുന്നത് ശരിയല്ലെന്ന നിലപാട് സര്‍ക്കാരിനുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രാര്‍ത്ഥനകള്‍, ആഘോഷ പരിപാടികള്‍ എന്നിവയ്ക്കു പൊതുമാനദണ്ഡം കൊണ്ടുവരികയാണ് സര്‍ക്കാര്‍ ലക്ഷ്യം.