ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിന് ധാരണയായി; ടെക്‌സ്‌റ്റൈല്‍സ്, സോഫ്റ്റ്വെയര്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയ്ക്ക് തീരുവ ഒഴിവാക്കും

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 24 ജൂലൈ 2025 (17:58 IST)
ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിന് ധാരണയായി. ടെക്‌സ്‌റ്റൈല്‍സ്, സോഫ്റ്റ്വെയര്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയ്ക്ക് തീരുവ ഒഴിവാക്കും. കൂടാതെ ഇന്ത്യന്‍ തൊഴിലാളികളില്‍ നിന്ന് സാമൂഹിക സുരക്ഷാ നികുതി ചുമത്തുന്നതും ഒഴിവാക്കും. നാലുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ-യുകെ വ്യാപാര കരാര്‍ നിലവില്‍ വന്നത്. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യുകെയിലെത്തി.
 
യുകെ പ്രധാനമന്ത്രി കെയ്മര്‍ സ്റ്റാര്‍മറിന്റെ ക്ഷണപ്രകാരമാണ് മോദി യുകെ സന്ദര്‍ശിച്ചത്. യുകെ സന്ദര്‍ശനത്തിനിടെ പ്രതിരോധമേഖലയിലെയും വ്യാപാര മേഖലയിലെയും സഹകരണം ഉറപ്പാക്കുന്നതടക്കമുള്ള നിരവധി വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. കൂടാതെ റഷ്യയില്‍ നിന്ന് ഇന്ധനം വാങ്ങുന്നതിനെതിരെ യൂറോപ്യന്‍ രാജ്യങ്ങള്‍ എടുക്കുന്ന നിലപാടില്‍ അതൃപ്തിയും പ്രധാനമന്ത്രി അറിയിച്ചേക്കും.
 
അതേസമയം ചൈനീസ് പൗരന്മാര്‍ക്ക് അഞ്ചുവര്‍ഷത്തിനുശേഷം ടൂറിസ്റ്റ് വിസ പുനരാരംഭിച്ച് ഇന്ത്യ. ബെയ്ജിങ്ങിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. വിനോദസഞ്ചാര വിസ ഇന്നുമുതല്‍ അനുവദിക്കുമെന്നാണ് അറിയിപ്പ്. 2020 കോവിഡിന്റെ പശ്ചാത്തലത്തില്‍ മരവിപ്പിച്ച നടപടികളാണ് അഞ്ചുവര്‍ഷത്തിനുശേഷം പുനരാരംഭിക്കുന്നത്.
 
2020 കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാനിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യയുടെയും ചൈനയുടെയും നയതന്ത്ര ബന്ധം വഷളായിരുന്നു. ചൈനക്കാര്‍ക്ക് ഇന്ത്യ വിനോദസഞ്ചാര വിസ അനുവദിച്ചിരുന്നില്ലെങ്കിലും ബിസിനസ് വിസകള്‍ അനുവദിച്ചിരുന്നു. അടുത്തമാസം അവസാനത്തോടെ ചൈനയിലെ ടിയാന്‍ജിനില്‍ നടക്കുന്ന ഷാന്‍ഹായി സഹകരണ കൗണ്‍സില്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് കേന്ദ്രത്തിന്റെ തീരുമാനം വന്നിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍