ഹീമോഫീലിയ ബാധിതയ്ക്ക് രാജ്യത്താദ്യമായി എമിസിസുമാബ് പ്രൊഫൈലാക്‌സിസ് ചികിത്സ നല്‍കി കേരളം

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2025 (18:45 IST)
കേരളത്തില്‍ ഹീമോഫീലിയ ചികിത്സയില്‍ സുപ്രധാന നാഴികകല്ല് പിന്നിട്ട് കേരളം. ഹീമോഫീലിയ ബാധിതയായ ഒരു സ്ത്രീക്ക് രാജ്യത്ത് തന്നെ ആദ്യമായി എമിസിസുമാബ് പ്രൊഫൈലാക്‌സിസ് ചികിത്സ നല്‍കി. തൃശൂര്‍ നിന്നുള്ള 32 വയസുകാരിയ്ക്കാണ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ നല്‍കിയത്. വിശദമായ വിലയിരുത്തലിനും കൗണ്‍സിലിംഗിനും ശേഷം തൃശൂര്‍ മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് ചികിത്സ ആരംഭിച്ചത്.
 
ഹീമോഫീലിയ ചികിത്സയില്‍ കേരളം വലിയ മുന്നേറ്റമാണ് നടത്തിയതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഹീമോഫീലിയ ചികിത്സയില്‍ രക്തസ്രാവം തടയുന്ന നൂതന ചികിത്സയായ എമിസിസുമാബ് പ്രൊഫൈലാക്‌സിസ് രാജ്യത്ത് ആദ്യമായി കേരളം ആരംഭിച്ചിരുന്നു. ഹീമോഫീലിയ രോഗികളില്‍ ഇത് വിസ്മയകരമായ മാറ്റങ്ങളാണ് സൃഷ്ടിച്ചത്. രാജ്യത്ത് ആദ്യമായി സ്ത്രീകളിലെ രക്തസ്രാവം ചികിത്സിക്കുന്നതിനുള്ള മാര്‍ഗരേഖ തയ്യാറാക്കിയതും 2025-ല്‍ കേരളമാണ്. ചൊവ്വാഴ്ച ഉദ്ഘാടനം നിര്‍വഹിക്കുന്ന സ്ത്രീ ക്ലിനിക്കുകള്‍ വഴി സ്ത്രീകളിലെ അമിത രക്തസ്രാവം നേരത്തെ കണ്ടെത്തി ചികിത്സിക്കാന്‍ പ്രത്യേക പരിപാടിയും സര്‍ക്കാര്‍ തയാറാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.
 
രക്തത്തിലെ ക്ലോട്ടിംഗ് ഫാക്ടറുകളുടെ അഭാവം മൂലം ഉണ്ടാകുന്ന ഒരു പാരമ്പര്യ ജനിതക രോഗമാണ് ഹീമോഫീലിയ. അനിയന്ത്രിതമായ രക്തസ്രാവമാണ് ഇതിന്റെ പ്രധാന ലക്ഷണം. മനുഷ്യ ശരീരത്തിലെ X ക്രോമോസോമിലുണ്ടാകുന്ന ജനിതക തകരാറ് കാരണം ഉണ്ടാകുന്ന രോഗമായതിനാല്‍ ഇത് സാധാരണയായി എല്ലായ്പ്പോഴും പുരുഷന്മാരെയാണ് ബാധിക്കുന്നത്. സ്ത്രീകള്‍ ഇതിന്റെ വാഹകര്‍ (carriers) മാത്രമാണ്. സ്ത്രീക്ക് ഹീമോഫീലിയ രോഗം ഉണ്ടാകുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍