മാന്നാര്‍ കടലിടുക്കിനു മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു. തെക്കന്‍ ആന്‍ഡമാന്‍ കടലിലും അതിനോട് ചേര്‍ന്ന തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും മുകളിലായി മറ്റൊരു ചക്രവാതചുഴി. ഇതിന്റെ സ്വാധീനത്തില്‍, ഒക്ടോബര്‍ 21 ഓടെ തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി, തുടര്‍ന്നുള്ള 48 മണിക്കൂറിനുള്ളില്‍ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യ ഭാഗങ്ങളിലും അതിനോട് ചേര്‍ന്ന പടിഞ്ഞാറന്‍ - മധ്യ ബംഗാള്‍ ഉള്‍ക്കടലിലുമുള്ള ഭാഗങ്ങളിലും തീവ്ര ന്യുനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യത.
കേരളത്തില്‍ അടുത്ത ഏഴ് ദിവസം നേരിയ / ഇടത്തരം മഴയോ ഇടിയോടുകൂടിയ മഴയ്ക്കോ സാധ്യത. ഒക്ടോബര്‍ 18 മുതല്‍ 24 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇന്നും നാളെയും (ഒക്ടോബര്‍ 18 &19 ) ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യത. അടുത്ത അഞ്ച് ദിവസം ഇടിമിന്നലിനും 30-40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മുതല്‍ ഒക്ടോബര്‍ 22 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒക്ടോബര്‍ 22 വരെ കേരള - കര്‍ണാടക തീരങ്ങളിലും അതിനോട് ചേര്‍ന്ന കടല്‍ പ്രദേശങ്ങളിലും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ലക്ഷദ്വീപ് പ്രദേശത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ (ഒക്ടോബര്‍ 19) ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടാണ്.