കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതികരിച്ച് പെണ്‍കുട്ടികള്‍. തങ്ങളെ ആരും നിര്‍ബന്ധിച്ച് കൂട്ടികൊണ്ടുവന്നിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ഇറങ്ങിത്തിരിച്ചതെന്നും പെണ്‍കുട്ടികള്‍ പറയുന്നു. പോലീസ് പറയുന്നത് വ്യാജമാണെന്നും പെണ്‍കുട്ടികള്‍ പറയുന്നു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പെണ്‍കുട്ടികള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടാതെ അകാരണമായി തങ്ങളെ ആക്രമിച്ചെന്നും പെണ്‍കുട്ടികള്‍ പറയുന്നു.
ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ കന്യാസ്ത്രീകള്‍ക്കെതിരെ മൊഴിനല്‍കാന്‍ നിര്‍ബന്ധിച്ചെന്നും റെയില്‍വേ സ്റ്റേഷനില്‍ വച്ച് ആക്രമിച്ചെന്നുമാണ് പെണ്‍കുട്ടികള്‍ പറയുന്നത്. അഞ്ചുവര്‍ഷമായി ക്രിസ്തുമതത്തില്‍ വിശ്വസിക്കുകയാണെന്നും. ജോലിക്ക് വേണ്ടിയാണ് മാതാപിതാക്കളുടെ സമ്മതത്തോടെ പോയതെന്നും കന്യാസ്ത്രീകള്‍ക്ക് നീതി ലഭിക്കണമെന്നും പോലീസ് ഞങ്ങള്‍ പറഞ്ഞത് കേള്‍ക്കാതെയാണ് കേസില്‍ മതപരിവര്‍ത്തനം ഉള്‍പ്പെടുത്തിയതെന്നും ആദിവാസി പെണ്‍കുട്ടി പറയുന്നു.
അതേസമയം കന്യാസ്ത്രീകളുടെ ജാമ്യത്തിനുള്ള നടപടി സ്വീകരിക്കാമെന്ന് അമിത് ഷാ ഉറപ്പുനല്‍കി. ജാമ്യത്തിനായി വിചാരണ കോടതിയെ വീണ്ടും സമീപിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി നിര്‍ദേശ നല്‍കി. ജാമ്യ അപേക്ഷയെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് അമിത്ഷാ ഉറപ്പ് നല്‍കി. എന്‍ ഐ എ കോടതിക്ക് വിട്ട് സെക്ഷന്‍ കോടതി നടപടി തെറ്റാണെന്ന് ആഭ്യന്തരമന്ത്രി കേരള എംപിമാരോട് പറഞ്ഞു. സെക്ഷന്‍ കോടതി ഉത്തരവിനെതിരെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും.
വിചാരണ കോടതിയില്‍ നിന്ന് ഇന്നോ നാളെയോ ജാമ്യം ലഭിക്കുമെന്ന് അമിത് ഷാ പറഞ്ഞു. ഈ വിഷയത്തില്‍ രാഷ്ട്രീയ താല്‍പര്യം ഇല്ലെന്നും എംപിമാരോട് അമിത് ഷാ പറഞ്ഞു. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ നല്‍കിയ പരാതി പ്രധാനമന്ത്രിയുടെ ഓഫീസ് അമിത് ഷായ്ക്ക് കൈമാറിയിരുന്നു. വിഷയം പ്രധാനമന്ത്രിയുമായി അമിത് ഷാ ചര്‍ച്ച ചെയ്തെന്നാണ് ലഭിക്കുന്ന വിവരം.