യുഎസിന്റെ ഭീഷണിക്ക് വഴങ്ങില്ല, റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ കുതിപ്പ്, മുന്നില്‍ റിലയന്‍സും നയാരയും

അഭിറാം മനോഹർ

വ്യാഴം, 26 ജൂണ്‍ 2025 (17:52 IST)
റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കണമെന്ന് യുഎസ് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ ഇന്ത്യ. ജൂണില്‍ ഇതുവരെ ശരാശരി 22 ലക്ഷം ബാരല്‍ വീതം റഷ്യന്‍ എണ്ണ ഇന്ത്യ ഇറക്കുമതി ചെയ്‌തെന്നും ഇത് 2 വര്‍ഷത്തെ ഉയര്‍ന്ന കണക്കാണെന്നും വിപണി നിരീക്ഷകരായ കെപ്ലറിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മേയില്‍ പ്രതിദിനം 19.6 ലക്ഷം ബാരല്‍ വീതം എണ്ണയായിരുന്നു റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങിയിരുന്നത്.
 
പശ്ചിമേഷ്യയില്‍ ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് തടസ്സമുണ്ടായേക്കാമെന്ന വിലയിരുത്തലും റഷ്യന്‍ എണ്ണയെ ആശ്രയിക്കാന്‍ ഇന്ത്യന്‍ കമ്പനികളെ നിര്‍ബന്ധിതരാക്കി. സംഘര്‍ഷം രൂക്ഷമായാല്‍ ഹോര്‍മൂസ് കടലിടുക്ക് ഇറാന്‍ അടയ്ക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
 
2022 ഫെബ്രുവരി മുതലാണ് ഇന്ത്യ ക്രൂഡോയില്‍ ഇറക്കുമതിയില്‍ റഷ്യയെ കൂടുതലായി ആശ്രയിച്ച് തുടങ്ങിയത്. റഷ്യ- യുക്രെയ്ന്‍ യുദ്ധം ആരംഭിച്ച സാഹചര്യത്തില്‍ റഷ്യയ്ക്ക് മുകളില്‍ യൂറോപ്യന്‍ യൂണിയനും യുഎസും ഉപരോധം പ്രഖ്യാപിച്ച പശ്ചാത്തലത്തിലായിരുന്നു തീരുമാനം. ഇതോടെ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യയുടെ മൊത്ത എണ്ണ ഇറക്കുമതിയുടെ ഒരു ശതമാനത്തില്‍ നിന്നും 40 ശതമാനമായി ഉയര്‍ന്നു. റഷ്യയുടെ യൂറല്‍സ് ഗ്രേഡ് ക്രൂഡ് ഓയിലാണ് ഇന്ത്യ ഏറ്റവുമധികം വാങ്ങുന്നത്. 2025ല്‍ ഇതുവരെ യൂറല്‍സ് എണ്ണയുറ്റെ 80 ശതമാനവും വാങ്ങിയത് ഇന്ത്യയാണ്. സ്വകാര്യ എണ്ണകമ്പനികളില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസും നയാര എനര്‍ജിയുമാണ് മുന്നിലുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍