കസ്റ്റഡി തടവുകാരിയെ അനധികൃതമായി രണ്ടു ദിവസം ഹോട്ടലില്‍ താമസിപ്പിച്ചു; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 21 മെയ് 2025 (10:30 IST)
കസ്റ്റഡി തടവുകാരിയെ അനധികൃതമായി രണ്ടു ദിവസം ഹോട്ടലില്‍ താമസിപ്പിച്ച സംഭവത്തില്‍ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം മ്യൂസിയം എസ്‌ഐ ഷെഫിനാണ് സസ്‌പെന്‍ഷന്‍. സ്‌പെയിനില്‍ എംബിബിഎസിന് പ്രവേശനം വാങ്ങിത്തരാമെന്ന് പറഞ്ഞ് വഴുതക്കാട് സ്വദേശിയില്‍ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് സംഭവം.
 
കേസിലെ മൂന്നാം പ്രതിയായ അര്‍ച്ചനാ ഗൗതം ഹരിദ്വാറിലെ ജയിലിലായിരുന്നു. മറ്റൊരുകേസിലാണ് ഇവര്‍ ജയിലായത്. ഇവരെ കസ്റ്റഡിയില്‍ വാങ്ങി തിരുവനന്തപുരം സി ജെ എം കോടതിയില്‍ ഹാജരാക്കി. പിന്നാലെ പ്രതിയെ ഹരിദ്വാര്‍ ജയിലേക്ക് കൊണ്ടുപോകവേ കോടതിയില്‍ ഹാജരാകാതെ രണ്ടുദിവസം എസ് ഐ ഡല്‍ഹിയിലെ ഹോട്ടലില്‍ താമസിക്കുകയായിരുന്നു എന്നാണ് കണ്ടെത്തിയത്. കൂടാതെ ഒപ്പം ഉണ്ടായിരുന്ന വനിതാ കോണ്‍സ്റ്റബിള്‍ അടക്കമുള്ള ഉദ്യോഗസ്ഥരെയും പ്രതിയെയും സുരക്ഷിതമല്ലാത്ത സ്ഥലത്ത് വാഹനത്തില്‍ ഇരുത്തിയ ശേഷം എസ്‌ഐ മടങ്ങിപ്പോയതായി സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. 
 
മടക്കയാത്രയ്ക്ക് പോലീസ് ബുക്ക് ചെയ്തിരുന്ന ട്രെയിന്‍ ഒഴിവാക്കി വിമാനത്തിലാണ് ഷെഫിന്‍ വന്നത്. പക്ഷേ ഇക്കാര്യം സ്റ്റേഷനില്‍ അറിയിക്കാതെയും അനുമതി വാങ്ങാതെയും അവധിയെടുത്തുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യ കാരണങ്ങള്‍ പറഞ്ഞു അവധിയെടുത്ത ശേഷം ഇദ്ദേഹം ഇടുക്കിയില്‍ സിനിമയില്‍ അഭിനയിക്കാന്‍ പോയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍