Govindachamy: മാസത്തിൽ ഒരിക്കൽ തലമുടി വെട്ടണം, ആഴ്ചയിൽ ഷേവ് ചെയ്യണം, നിയമങ്ങളൊന്നും ഗോവിന്ദസ്വാമിക്ക് ബാധകമായില്ല, ഉദ്യോഗസ്ഥരുടെ വീഴ്ചയിൽ രൂക്ഷ വിമർശനം

അഭിറാം മനോഹർ

വെള്ളി, 25 ജൂലൈ 2025 (15:22 IST)
Govindachamy
കണ്ണൂര്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട കൊടും കുറ്റവാളിയായ ഗോവിന്ദാചാമിയുടെ കേസില്‍, ജയില്‍ ഭരണ സംവിധാനത്തിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ വീഴ്ച. ജയിലിലെ ചട്ടങ്ങള്‍ പ്രകാരം, ശിക്ഷിക്കപ്പെട്ട തടവുകാരന്‍ മാസത്തില്‍ ഒരിക്കല്‍ തലമുടി വെട്ടുകയും ആഴ്ചയില്‍ ഒരിക്കല്‍ ഷേവ് ചെയ്യുകയും വേണം. എന്നാല്‍ ഗോവിന്ദാചാമിയുടെ കാര്യത്തില്‍ ഈ മാനദണ്ഡങ്ങള്‍ ഒന്നും തന്നെ പാലിക്കപ്പെട്ടിട്ടില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ചട്ടലംഘനത്തിന്റെ ഭാഗമായി വരുന്നതായിട്ടും ഉദ്യോഗസ്ഥര്‍ ഒന്നും തന്നെ ജയില്‍ ചട്ടങ്ങള്‍   പാലിക്കാന്‍ തയ്യാറായില്ലെന്നാണ് ഗോവിന്ദചാമി വിഷയത്തില്‍ ഉയരുന്ന പ്രധാനവിമര്‍ശനം.
 
 
ജയില്‍ ചട്ടങ്ങള്‍ പ്രകാരം തടവുകാരന്‍ ജയിലിലേക്ക് എത്തിക്കഴിഞ്ഞാല്‍ മാസത്തില്‍ ഒരു പ്രാവശ്യം മുടിവെട്ടുകയും ആഴ്ചയില്‍ ഷേവ് ചെയ്യുകയും വേണം. ഏതെങ്കിലും ഘട്ടത്തില്‍ അലര്‍ജിയുണ്ടെങ്കില്‍ ജയില്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ മാത്രമെ ഷേവ് ചെയ്യുന്നതില്‍ നിന്നും ഒഴിവാകാന്‍ സാധിക്കുകയുള്ളു. അപ്പോഴും താടി നീട്ടി വളര്‍ത്താന്‍ അനുവാദമില്ല. ജയിലില്‍ നിന്നും പുറത്തിറങ്ങി നാട്ടുകാരുടെ കണ്ണില്‍ പെടാതെയിരിക്കാനാകും ഗോവിന്ദസാമി താടി നീട്ടിവളര്‍ത്തിയത്. ഇതിനുള്ള സാഹചര്യം ഉദ്യോഗസ്ഥര്‍ ഒരുക്കിനല്‍കിയെന്നാണ് നിലവില്‍ ഉയരുന്ന വിമര്‍ശനം.
 
മോഷണം നടത്തി തമിഴ്നാട്ടിലേക്ക് രക്ഷപ്പെടാനായിരുന്നു ഗോവിന്ദചാമിയുടെ പദ്ധതി എന്നതടക്കമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ജയിലിലെ കമ്പി മുറിക്കാനായി ജയില്‍ വര്‍ക്ക് ഷോപ്പില്‍ നിന്നാണ് ഗോവിന്ദ ചാമി ആയുധമെടുത്തത്.ജയിലിലെ വൈദ്യുതി കടത്തിവിടുന്ന ഫെന്‍സിംഗ് സംവിധാനം പല മാസങ്ങളായി പ്രവര്‍ത്തനരഹിതമായിരുന്നു.പ്രാഥമികാന്വേഷണത്തില്‍ തന്നെ അഡ്മിനിസ്‌ട്രേഷനിലെ അപാകതകള്‍,ഉദ്യോഗസ്ഥ അനാസ്ഥ, നേരത്തെ ലഭിച്ച സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുകള്‍ അവഗണിച്ചു എന്നതെല്ലാം ഇതോടെ തെളിഞ്ഞു കഴിഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അസിസ്റ്റന്റ് സൂപ്രണ്ട്, APOമാര്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഉള്‍പ്പെടെ നിരവധി ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കണ്ണൂര്‍ റേഞ്ച് ഡിഐജിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്. ഈ സംഭവം കേരളത്തിലെ ജയിലുകളുടെ സുരക്ഷാ സംവിധാനത്തെ പറ്റിയുള്ള കടുത്ത ആശങ്കകളാണ് ഉയര്‍ത്തുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍