തളാപ്പിലെ സന്തോഷ് എന്നു പേരുള്ള ഒരു ഓട്ടോഡ്രൈവര്‍ ആണ് ഗോവിന്ദചാമിയെ ആദ്യം കണ്ടത്. ഇയാള്‍ 'ഗോവിന്ദചാമി' എന്നു വിളിച്ചതോടെ ഗോവിന്ദചാമി ഓടിരക്ഷപ്പെട്ടു. പിന്നീട് തളാപ്പിലെ തന്നെ ആളൊഴിഞ്ഞ ഒരു കെട്ടിടത്തിനു സമീപത്തേക്ക് ഗോവിന്ദചാമി ഓടി. ഇവിടെ കാടുപിടിച്ചു കിടക്കുന്ന പറമ്പില്‍ ഒരു സ്ത്രീ പുല്ല് വെട്ടാന്‍ നിന്നിരുന്നു. ഇവരും ഗോവിന്ദചാമിയെ കണ്ടു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആളൊഴിഞ്ഞ കെട്ടിടത്തിനു സമീപം പൊലീസും നാട്ടുകാരും തെരച്ചില്‍ നടത്തുകയായിരുന്നു. അപ്പോഴാണ് കെട്ടിടത്തിന്റെ സമീപമുള്ള കിണറ്റില്‍ ഒരു കൈ കാണുന്നത്. കിണറ്റിലെ കയറില്‍ പിടിച്ചുനില്‍ക്കുകയായിരുന്നു ഗോവിന്ദചാമി. ഉടന്‍ പൊലീസ് സ്ഥലത്തെത്തി ഗോവിന്ദചാമിയെ പുറത്തെത്തിച്ചു.
കെട്ടിടത്തിന്റെ പിറകുവശത്താണ് കിണര്‍. പെട്ടന്ന് ശ്രദ്ധയില്‍പ്പെടാത്ത സ്ഥലമാണ്. ഇവിടെ ഒരുവട്ടം പൊലീസ് തെരച്ചില്‍ നടത്തിയിരുന്നെങ്കിലും കിണറ്റിലേക്ക് ശ്രദ്ധ പോയില്ല. കിണറിന്റെ പടവില്‍ കയറില്‍ പിടിച്ചാണ് ഇയാള്‍ നിന്നിരുന്നത്. ഗോവിന്ദച്ചാമിയെ പുറത്തേക്ക് വലിച്ചെടുത്ത സമയത്ത് ആളുകള്‍ ആക്രമിക്കാന്‍ ശ്രമിച്ചു. ഏറെ പണിപ്പെട്ടാണ് പിന്നീട് പൊലീസ് ഇയാളെ ജീപ്പില്‍ കയറ്റിയത്.
പൊലീസ് പറയുന്നതിനനുസരിച്ച് പുലര്‍ച്ചെ നാലിനും ആറരയ്ക്കും ഇടയിലാണ് ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടത്. ജയിലിലെ അതീവ സുരക്ഷയുള്ള പത്താം സെല്ലിലെ ലോക്കപ്പിന്റെ ഇരുമ്പഴി മുറിച്ചാണ് ഗോവിന്ദച്ചാമി പുറത്ത് കടന്നത്. പിന്നീട് തുണികള്‍ കൊണ്ട് വടംപോലെയാക്കി ജയിലിന്റെ പിന്നിലെ മതില്‍ ചാടുകയായിരുന്നു.