വഞ്ചനാ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം; നടന്‍ നിവിന്‍ പോളിക്ക് നോട്ടീസ്

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 28 ജൂലൈ 2025 (11:05 IST)
വഞ്ചനാ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നടന്‍ നിവിന്‍ പോളിക് നോട്ടീസ്. തലയോലപ്പറമ്പ് പോലീസാണ് നോട്ടീസ് നല്‍കിയത്. രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഹാജരാക്കാന്‍ നിര്‍ദ്ദേശമുണ്ട്. നിര്‍മാതാവ് ഷംനാസ് നല്‍കിയ പരാതിയിലാണ് പോലീസിന്റെ നടപടി. കൂടാതെ സംവിധായകന്‍ എബ്രിഡ് ഷൈനിനും പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.
 
ആക്ഷന്‍ ഹീറോ ബിജു2 സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പണം തട്ടിയെന്നാണ് പരാതി. വഞ്ചനയിലൂടെ തന്നില്‍ നിന്നും 1.9 കോടി രൂപ തട്ടിയെടുത്തു എന്നാണ് പരാതി. കേസില്‍ നിവിന്‍ പോളിയെ ഒന്നാംപ്രതിയും എബ്രിഡ് ഷൈനിനെ രണ്ടാംപ്രതിയുമാക്കിയാണ് എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്.
 
എബ്രിഡ് ഷൈനിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായ മഹാവീര്യര്‍ എന്ന സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്നു ഷംനാസ്. ഈ സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 95 ലക്ഷം രൂപ തനിക്ക് കിട്ടാനുണ്ടെന്നും ഷംനാസ് പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍