Nivin Pauly: വഞ്ചനാക്കുറ്റം: നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരെ കേസ്

നിഹാരിക കെ.എസ്

വ്യാഴം, 17 ജൂലൈ 2025 (12:12 IST)
നടൻ നിവിൻ പോളിയ്ക്കും സംവിധായകൻ എബ്രിഡ് ഷൈനുമെതിരെ കേസെടുത്ത് പോലീസ്. നിർമാതാവ് ഷംനാസിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. വഞ്ചനാ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. നിവിൻ പോളി പ്രധാന വേഷത്തിലെത്തിയ, എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത മഹാവീര്യർ എന്ന സിനിമയുടെ നിർമാതാക്കളിൽ ഒരാളാണ് പരാതിക്കാരനായ ഷംനാസ്. 
 
തന്റെ പക്കലിൽ നിന്നും 1.90 കോടി രൂപ തട്ടിയെടുത്തുവെന്നാണ് ഷംനാസിന്റെ പരാതി. മഹാവീര്യരുടെ നിർമാണവുമായി ബന്ധപ്പെട്ട് തനിക്ക് 95 ലക്ഷം രൂപ കിട്ടാനുണ്ട്. ഇതിന് പിന്നാലെ ആക്ഷൻ ഹീറോ ബിജു 2ന്റെ നിർമാണ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് തന്റെ പക്കൽ നിന്നും 1.90 കോടി രൂപ വാങ്ങി. എന്നാൽ ഇക്കാര്യം മറച്ചുവച്ച് മറ്റൊരു കമ്പനിക്കു സിനിമയുടെ ഓവർസീസ് റൈറ്റ്‌സ് അഞ്ച് കോടിക്ക് വിറ്റു. ഇതോടെ തനിക്ക് 1.90 കോടിയുടെ നഷ്ടമുണ്ടായെന്നാണ് ഷംനാസ് ആരോപിക്കുന്നത്.
 
ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നിവിൻ പോളി ഒന്നാം പ്രതിയും എബ്രിഡ് ഷൈൻ രണ്ടാം പ്രതിയുമാണ്. ഷംനാസ് കോടതിയെ സമീപിക്കുകയും തുടർന്ന് കോടതി നിർദേശ പ്രകാരം കോട്ടയം തലയോലപ്പറമ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍