'എത്ര വലിയവനാണെങ്കിലും നിയമത്തിന് അതീതനല്ല'; കൊലക്കേസില്‍ നടന്‍ ദര്‍ശന്‍ വീണ്ടും ജയിലിലേക്ക്; ജാമ്യം റദ്ദാക്കി

നിഹാരിക കെ.എസ്

വ്യാഴം, 14 ഓഗസ്റ്റ് 2025 (13:35 IST)
ന്യൂഡല്‍ഹി: രേണുക സ്വാമി കൊലക്കേസില്‍ കന്നട നടന്‍ ദര്‍ശന് ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കി സുപ്രീം കോടതി. ജസ്റ്റിസുമാരായ ജെബി പര്‍ദിവാലയും ആര്‍ മഹാദേവനും ഉള്‍പ്പെട്ട ബെഞ്ചാണ് കര്‍ണാടക ഹൈക്കോടതിയുടെ മുന്‍ ഉത്തരവ് റദ്ദാക്കിക്കൊണ്ട് വിധി പുറപ്പെടുവിച്ചത്. 
 
ദര്‍ശന്‍ ഉള്‍പ്പടെ അഞ്ച് പ്രതികളുടെ ജാമ്യമാണ് സുപ്രീം കോടതി റദ്ദാക്കിയത്. ദര്‍ശനും മറ്റ് പ്രതികള്‍ക്കും കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നടപടി.
 
'ഹൈക്കോടതിയുടെ ഉത്തരവ് അധികാരത്തിന്റെ യാന്ത്രികമായ ഉപയോഗമാണെന്ന് വ്യക്തമാണ്. ജാമ്യം അനുവദിക്കുന്നത് വിചാരണയെ ബാധിക്കുകയും സാക്ഷികളെ സ്വാധീനിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും' ജസ്റ്റിസ് മഹാദേവന്‍ നിരീക്ഷിച്ചു. എത്ര വലിയവനാണെങ്കിലും നിയമത്തിന് അതീതനല്ല എന്ന സന്ദേശമാണ് ജസ്്റ്റിസ് മഹാദേവന്റെ വിധി ന്യയത്തിലൂടെ വ്യക്തമാകുന്നതെന്ന് ജസ്റ്റിസ് പര്‍ദിവാല പറഞ്ഞു. ഹൈക്കോടതിയുടെ ജാമ്യം അനുവദിച്ച തീരുമാനം നീതിന്യായ അധികാരത്തിന്റെ ദുരുപയോഗമാണെന്നും ജസ്റ്റിസ് മഹാദേവന്‍ വ്യക്തമാക്കി.
 
നടി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച ആരാധകനായ രേണുക സ്വാമിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്ന കേസില്‍ ദര്‍ശനും പവിത്രയും അടക്കം പതിനേഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2024 ജൂണില്‍ രേണുക സ്വാമിയെ ബംഗളൂരുവിലെ ഒരു ഷെഡ്ഡില്‍ മൂന്ന് ദിവസം തടഞ്ഞുവെച്ച് ക്രൂരമായി പീഡിപ്പിക്കുകയും കൊല്ലുകയുമായിരുന്നു. പിന്നീട് മൃതദേഹം ഒരു അഴുക്കുചാലില്‍നിന്ന് കണ്ടെത്തി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍