2025ൽ ബോക്‌സ് ഓഫീസ് കളക്ഷനിൽ റെക്കോർഡുകളിട്ട് മുന്നേറിയ മലയാള സിനിമ ഇപ്പോൾ തണുപ്പൻ മട്ടിലാണ്. വലിയ റിലീസുകളൊന്നുമില്ല, റിലീസ് ചെയ്യുന്ന സിനിമകൾക്ക് വേണ്ടത്ര സ്വീകാര്യതയും ലഭിക്കുന്നില്ല. ഇനി മലയാളം ഉറ്റുനോക്കുന്നത് ഓണം റിലീസുകളിലേക്കാണ്. സെപ്റ്റംബർ അഞ്ചിന് ഓണമെത്തുമ്പോൾ ഒരാഴ്ച മുൻപേ മലയാള സിനിമകൾ തിയേറ്ററുകളിൽ എത്തും. 
 
									
				
	 
	മോഹൻലാൽ - സത്യൻ അന്തിക്കാട് കൂട്ടുക്കെട്ടിലൊരുങ്ങുന്ന ഹൃദയപൂർവം ഓഗസ്റ്റ് 28ന് തിയേറ്ററുകളിലെത്തും. ഇരുവരും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണിത്. സത്യൻ അന്തിക്കാട് സ്‌റ്റൈലിൽ മോഹൻലാലിനെ കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. 'ഹൃദയപൂർവ്വം ഒരു ഫീൽ ഗുഡ് സിനിമയായിരിക്കും എന്ന പ്രതീക്ഷയും ആരാധകർക്കുണ്ട്.
 
									
				
	 
	അൽത്താഫ് സലീം ഒരുക്കുന്ന ഓടും കുതിര ചാടും കുതിര ആണ് ഓണത്തിന് എത്തുന്ന അടുത്ത ചിത്രം. ചിത്രവും ഓഗസ്റ്റ് 28നാണ് തിയേറ്ററുകളിലെത്തുന്നത്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിന് ശേഷം അൽത്താഫ് ചെയ്യുന്ന ചിത്രമാണിത്. ഫഹദ് ഫാസിൽ നായകവേഷത്തിലെത്തുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ, രേവതി എന്നിവരാണ് നായികമാർ. 
 
									
				
	 
	മലയാളത്തിലെ ആദ്യത്തെ വുമൺ സൂപ്പർഹീറോയെ അവതരിപ്പിക്കുന്ന ലോക: ചാപ്റ്റർ 1 ചന്ദ്ര എന്ന ചിത്രമാണ് ഓണത്തിന് എത്തുന്ന അടുത്ത ചിത്രം. കല്യാണി പ്രിയദർശൻ സൂപ്പർഹീറോയായി എത്തുന്ന ചിത്രത്തിൽ നസ്ലെനാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഡൊമിനിക് അരുൺ ആണ്. ഓഗസ്ത് 29 ന് ചിത്രം റിലീസ് ആകുമെന്നാണ് സൂചന.
 
									
				
	 
	ഇതുകൂടാതെ ഷെയ്ൻ നിഗം നായകനാകുന്ന ബാൾട്ടി എന്ന ചിത്രവും ഓണം റിലീസായി എത്തുന്നുണ്ട്. നവാഗതനായ ഉണ്ണി ശിവലിംഗം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്‌പോർട്‌സ് ആക്ഷൻ ഴോണറിലെത്തുന്ന ചിത്രത്തിൽ ഉദയൻ എന്ന കഥാപാത്രമായാണ് ഷെയ്ൻ എത്തുന്നത്. താരത്തിന്റെ 25ാം ചിത്രമാണിത്. സിനിമയും ഓഗസ്റ്റ് അവസാന വാരം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.