അമ്മ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇനിയില്ലെന്ന് മോഹൻലാൽ അറിയിച്ചിരുന്നു. ഇതിന് പ്രധാന കാരണം, ഒരു യുവനടനാണെന്ന് സിനിമാ മേഖലയിൽ ഒരു സംസാരമുണ്ട്. ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ സംവിധായകൻ ശാന്തിവിള ദിനേശ്. മലയാളത്തിലെ ഒരു പ്രമുഖ യുവ നടന്റെ പ്രവൃത്തി മോഹൻലാലിന്റെ തീരുമാനത്തിന് പിന്നിലെ കാരണങ്ങളിലൊന്നാണെന്ന് ശാന്തിവിള ദിനേശ് പറയുന്നു.
നാട്ടിൽ നടക്കുന്ന ഏത് കേസിലും മുഖമാകുന്ന നായകനായ ഒരു ചെറുപ്പക്കാരൻ. ഒന്നോ രണ്ടോ പടം വൃത്തിയായി ഓടിയപ്പോൾ ഇനി ഞാനാണ് സൂപ്പർസ്റ്റാർ, കൊണ്ട് വാ പത്ത് കോടി എന്നൊക്കെ ആവശ്യപ്പെടുന്നുണ്ടല്ലോ. ചുരുങ്ങിയത് 30 കോടി മുടക്കുന്ന സിനിമകളിലേ ഇനി അഭിനയിക്കൂ എന്ന് പറയുന്ന ഈ പൊട്ടൻ ചെറുക്കൻ അവന്റെ ഫേസ്ബുക്കിലിട്ട പോസ്റ്റിൽ മോഹൻലാലിനെ മാത്രമല്ല, ആർക്കും പരാതി പറയാൻ പറ്റാത്ത അത്രയും സിംപിളായി ജീവിക്കുന്ന പ്രണവിനെ പോലും തരം താണ രീതിയിൽ എന്തൊക്കെയോ തെറി പറഞ്ഞു.
ഇതോടെയാണ് അമ്മയുടെ തലപ്പത്തേക്ക് ഞാൻ ഇല്ല എന്ന് മോഹൻലാൽ ഉറപ്പിച്ച് പറഞ്ഞത്. പ്രണവിനെയൊക്കെ ആർക്കെങ്കിലും എന്തെങ്കിലും പറയാൻ തോന്നുമോ. പ്രണവ് ആർക്കും ഒരു ശല്യവുമില്ലാതെ ജീവിക്കുന്നയാളല്ലേ. രണ്ട് പടം ഓടിയപ്പോൾ മോഹൻലാലിനും മമ്മൂട്ടിക്കും മുകളിലാണെന്ന് വിചാരിക്കുന്ന പൊട്ടൻ ഇപ്പോൾ പറയുന്നത് എന്റെ ഫേസ്ബുക്ക് ആരോ ഹാക്ക് ചെയ്തു എന്നാണ്. നട്ടാൽ കുരുക്കാത്ത കള്ളം പറയുന്നതാണ്.
പ്രണവിനെക്കുറിച്ച് പോസ്റ്റ് ചെയ്തത് മോഹൻലാൽ അറിഞ്ഞു എന്നറിഞ്ഞപ്പോൾ ആയിരിക്കണം. ഇവനൊക്കെ ആയിരം പോസ്റ്റിട്ടാലും മോഹൻലാലിനും പ്രണവിനും ഒരു ചുക്കും സംഭവിക്കില്ല. പക്ഷെ അത് കേട്ട് അത് കേട്ട് സ്ഥാനമൊഴിയാൻ തീരുമാനിച്ച മോഹൻലാലിനെ വേണം വഴക്ക് പറയാനെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. മോഹൻലാൽ അമ്മ സംഘടനയുടെ തലപ്പത്ത് തുടരേണ്ടിയിരുന്നു എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്.