രാഹുൽ വന്നാൽ ചിലർ പൂവൻ കോഴിയുടെ ശബ്ദം ഉണ്ടാക്കുമായിരിക്കും, മുകേഷ് എഴുന്നേറ്റാലും അതുണ്ടാകും: കെ മുരളീധരൻ

അഭിറാം മനോഹർ

തിങ്കള്‍, 1 സെപ്‌റ്റംബര്‍ 2025 (14:59 IST)
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സഭയില്‍ വന്നാല്‍ ആരും അദ്ദേഹത്തെ കയ്യേറ്റം ചെയ്യാന്‍ പോകുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവായ കെ മുരളീധരന്‍. ചിലപ്പോള്‍ ചിലര്‍ പൂവന്‍കോഴിയുടെ ശബ്ദമുണ്ടാക്കുമായിരിക്കും. മുകേഷ് എംഎല്‍എ എഴുന്നേറ്റ് നിന്നാല്‍ യുഡിഎഫും ആ ശബ്ദമുണ്ടാക്കും. മുരളീധരന്‍ പറഞ്ഞു.
 
രാഹുല്‍ മാങ്കൂട്ടത്തില്‍ എഴുന്നേറ്റ് നില്‍ക്കുമ്പോള്‍ ചിലപ്പോ ഭരണകക്ഷി അംഗങ്ങള്‍ പൂവന്‍കോഴിയുടെ ശബ്ദം ഉണ്ടാക്കിയേക്കും. മുകേഷ് എഴുന്നേറ്റ് നില്‍ക്കുമ്പോള്‍ യുഡിഎഫിന്റെ ഭാഗത്ത് നിന്നും അത് ഉണ്ടാകും. ശശീന്ദ്രന്‍ എഴുന്നേറ്റ് നിന്നാല്‍ പൂച്ചയുടെ ശബ്ദവും ഉണ്ടാകും. അങ്ങനെ ചില ശബ്ദങ്ങളല്ലാതെ അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടാവില്ല. 
 
അന്വേഷണം നടക്കുന്നതിന് മുന്‍പ് വിധി പറയേണ്ട കാരൂമില്ല. അന്വേഷണത്തെ ഒരുതരത്തിലും ചോദ്യം ചെയ്യുന്നില്ല. പക്ഷേ ആരും ഇതുവരെ രേഖാമൂലം പരാതി നല്‍കിയിട്ടില്ല. രാഹുല്‍ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. ആ കാര്യങ്ങളിലൊക്കെ പാര്‍ട്ടി വ്യക്തമായ നയം സ്വീകരിച്ചിട്ടുണ്ട്. കൂടുതല്‍ നടപടികളുടെ കാര്യമില്ല. ബാക്കിയൊക്കെ സര്‍ക്കാരിന്റെ അന്വേഷണ റിപ്പോര്‍ട്ട് വന്നതിന്റെ അടിസ്ഥാനത്തില്‍ പിന്നീട് സ്വീകരിക്കാം. ഇപ്പോള്‍ എടുത്ത നിലപാടില്‍ ഒരിഞ്ച് പോലും പിന്നോട്ട് പോകേണ്ട ആവശ്യം പാര്‍ട്ടിക്കില്ല. കെ മുരളീധരന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍