Vineeth Sreenivasan: ചെന്നൈ പാസത്തിന് താൽക്കാലിക വിട; ത്രില്ലടിപ്പിക്കാൻ വിനീത് ശ്രീനിവാസൻ

നിഹാരിക കെ.എസ്

ബുധന്‍, 16 ജൂലൈ 2025 (16:08 IST)
ഫിൽ​ഗുഡ് മൂവികളുടെ സംവിധായകനെന്ന ടാ​ഗ് കിട്ടിയ വ്യക്തിയാണ് വിനീത് ശ്രീനിവാസൻ. 2010 ൽ 'മലർവാടി ആർട്സ് ക്ലബ്' എന്ന സിനിമയിലൂടെയാണ് വിനീത് സംവിധായകന്റെ വേഷത്തിലെത്തിയത്. സിനിമ റിലീസായിട്ട് ഇന്നേക്ക് പതിനഞ്ചു വർഷം തികയുന്ന ദിവസമാണ് പുതിയ ചിത്രത്തിന്റെ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുന്നത്. തന്റെ സ്ഥിരം ജോണർ അല്ലെന്നും ഒരു ത്രില്ലർ മൂഡായിരിക്കും സിനിമയ്ക്കെന്നും വിനീത് സൂചനയും നൽകിയിട്ടുണ്ട്.
 
'2010 ൽ മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് ഞാൻ സംവിധായകനാവുന്നത്. സിനിമ റിലീസായിട്ട് ഇന്നേക്ക് പതിനഞ്ചു വർഷം. ഒരുപാട് നല്ല ഓർമ്മകൾ, മറക്കാനാവാത്ത അനുഭവങ്ങൾ.സംവിധായകൻ എന്ന നിലയിൽ എന്റെ ഏറ്റവും പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ഇന്നു വൈകുന്നേരം റിലീസ് ചെയ്യുകയാണ്. ഈ സിനിമ, എന്റെ പതിവു രീതികളിൽ നിന്നും മാറി സഞ്ചരിക്കുന്ന ഒരു സിനിമയായിരിക്കും. ജോണർ ത്രില്ലർ ആണ്. കൂടുതൽ അപ്ഡേറ്റ്സ് പിന്നാലെ-വിനീത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
 
വിനീത് സിനിമകളിലെ ചെന്നൈ ബന്ധം ചൂണ്ടിക്കാട്ടി സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ നടക്കാറുണ്ട്. ഇക്കാര്യം കമന്റ് ചെയ്ത ഒരു ആരാധകന് വിനീത് മറുപടിയും നല്‍കി. 'ചെന്നൈ ഇല്ലെന്ന് വിശ്വസിച്ചോട്ടെ', എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. 'ചെന്നൈ ഇല്ല, ഉറപ്പിക്കാം', എന്നായിരുന്നു വിനീതിന്റെ മറുപടി. വിനീതിന്‍റെ ഈ മാറ്റം എന്തായാലും ആരാധകര്‍ ഏറെ പ്രതീക്ഷകളോടെയാണ് നോക്കിക്കാണുന്നത്
 
'ഹൃദയം', 'വര്‍ഷങ്ങള്‍ക്കുശേഷം' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിനീത് ശ്രീനിവാസനും നിര്‍മാതാവ് വിശാഖ് സുബ്രഹ്‌മണ്യവും ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. നോബിള്‍ ബാബുവിനെ നായകനാക്കിയാണ് ചിത്രമെന്നായിരുന്നു വിവരം. സംവിധാനത്തിനൊപ്പം വിശാഖുമായി ചേര്‍ന്ന് നിര്‍മാണത്തിലും വിനീത് പങ്കാളിയാണ്. തിര എന്ന ചിത്രം മുൻപ് വിനീത് സംവിധാനം ചെയ്തിരുന്നു. ഒരു ത്രില്ലർ സ്വഭാവമായിരുന്നു ഈ സിനിമയ്ക്ക്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍