Vineeth Sreenivasan: തിരയ്ക്ക് ശേഷം ത്രില്ലടിപ്പിക്കാൻ വീണും വിനീത് ശ്രീനിവാസൻ; രണ്ട് നായികമാർ, നായകനാര്?

നിഹാരിക കെ.എസ്

വ്യാഴം, 3 ജൂലൈ 2025 (15:35 IST)
ഒരിടവേളയ്ക്ക് ശേഷം വീണ്ടും സംവിധായകന്റെ കുപ്പായമണിയാൻ വിനീത് ശ്രീനിവാസൻ. വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിന് പിന്നാലെ വിനീത് വരുന്നത് ത്രില്ലര്‍ സിനിമയുമായാണ്. ഇതിനു മുൻപ് വിനീത് ചെയ്ത ത്രില്ലർ ചിത്രം തിരയാണ്. പുതിയ സിനിമയുടെ പേര് നിശ്ചയിച്ചിട്ടില്ല.
 
മെരിലാന്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് പുതിയ സിനിമ നിര്‍മിക്കുന്നത്. ഹൃദയം, വര്‍ഷങ്ങള്‍ക്ക് ശേഷം എന്നീ സിനിമകള്‍ക്ക് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രമാണിത്. വിനീതും നിര്‍മാണത്തില്‍ പങ്കാളിയാകും. നോബിള്‍ ബാബു തോമസ് ആണ് ചിത്രത്തിലെ നായകന്‍. നോബിള്‍ തന്നെയാണ് സിനിമയുടെ തിരക്കഥാകൃത്തും. 
 
അടുത്ത സുഹൃത്തുക്കളാണ് നോബിളും വിനീതും. നേരത്തെ നോബിള്‍ നായകനായ ഹെലന്റെ നിര്‍മാതാവായിരുന്നു വിനീത്. വിനീത് ഒരുക്കിയ ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന സിനിമയുടെ നിര്‍മാതാവായിരുന്നു നോബിള്‍. ഓഡ്രി മിറിയം, രേഷ്മ സെബാസ്റ്റിയന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. മനോജ് കെ ജയന്‍, കലാഭവന്‍ ഷാജോണ്‍, ബാബുരാജ്, ജോണി ആന്റണി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 
 
സെപ്തംബര്‍ 25 നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ജോമോന്‍ ടി ജോണ്‍ ആണ് സിനിമയുടെ ഛായാഗ്രഹണം. ഷാന്‍ റഹ്മാന്‍ ആണ് സംഗീത സംവിധാനം. ഒരിടവേളയ്ക്ക് ശേഷം ഷാനും വിനീതും കൈ കോര്‍ക്കുന്ന ചിത്രം കൂടിയാണ്. വലിയ ബജറ്റിലൊരുങ്ങുന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭൂരിഭാഗവും വിദേശത്താണ്. ജോര്‍ജിയ, റഷ്യ-അസര്‍ബൈജാന്‍ അതിര്‍ത്തി എന്നിവടങ്ങളിലാണ് ചിത്രീകരണം നടന്നത്. ഉത്തരേന്ത്യയിലും ചിത്രീകരണം നടന്നിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍