പൊതുസ്ഥലങ്ങളിൽ ബുർഖ അടക്കമുള്ള ശിരോവസ്ത്രങ്ങൾ വേണ്ട, നിരോധനവുമായി പോർച്ചുഗൽ

അഭിറാം മനോഹർ

ഞായര്‍, 19 ഒക്‌ടോബര്‍ 2025 (12:51 IST)
പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ അടക്കം മുഖം മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നതില്‍ വിലക്കുമായി പോര്‍ച്ചുഗല്‍. ലിംഗപരമായോ മതപരമായ കാരണങ്ങളില്‍ പൊതുസ്ഥലത്ത് മുഖം മൂടുന്ന തരത്തില്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതിനാണ് വിലക്ക്. ഇത്തരത്തിലുള്ള വസ്ത്രധാരണം നടത്തുന്നവരില്‍ നിന്ന് വന്‍തുക പിഴയീടാക്കാന്‍ നിര്‍ദേശം നല്‍കുന്ന നിയമത്തിനാണ് പോര്‍ച്ചുഗല്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ചെഗയാണ് ബില്‍ പാര്‍ലമെന്റില്‍ നിര്‍ദേശിച്ചത്.
 
 വിമാനങ്ങളിലും നയതന്ത്ര സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും മുഖം മൂടി ധരിക്കുന്നത് അനുവദനീയമായിരിക്കും. പൊതുസ്ഥലങ്ങളില്‍ മുഖം മൂടുന്ന തരത്തില്‍ വസ്ത്രം ധരിക്കുന്നവരില്‍ നിന്ന് 4000 യൂറോ( 4,11,588 രൂപ) വരെ പിക്ഷ ചുമത്താന്‍ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം. പോര്‍ച്ചുഗല്‍ പ്രസിഡന്റ് നിയമത്തില്‍ ഒപ്പുവെച്ചാല്‍ ശിരോവസ്ത്രം പൂര്‍ണ്ണമായോ ഭാഗികമായോ നിരോധിച്ചിരിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ പട്ടികയിലേക്ക് പോര്‍ച്ചുഗലും എത്തും. 
 
 പൊതുയിടങ്ങളില്‍ മുഖം മറയ്ക്കുന്നത് വ്യക്തികളെ പ്രത്യേകിച്ച് സ്ത്രീകളെ അപകര്‍ഷതാബോധത്തിലേക്കും ഒഴിവാക്കലിന്റെയും സാഹചര്യത്തിലേക്ക് തള്ളി വിടുമെന്നും സ്വാതന്ത്ര്യം, സമത്വം, മാനുഷിക അന്തസ്സ് എന്നീ തത്വങ്ങളുമായി ഇത് പൊരുത്തപ്പെടില്ലെന്നും ബില്ലില്‍ ചെഗ വിശദമാക്കുന്നു. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍